വാഷിങ്ടണ്‍: റഷ്യ-ഉക്രെയ്ന് യുദ്ധത്തില്‍ ഉക്രെയ്ന് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി പെട്ടെന്ന് തന്നെ സമാധാന കരാറിലെത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. റഷ്യ തടസങ്ങളില്ലാതെ മുന്നേറുന്ന വലിയൊരു സൈനിക ശക്തിയാണെന്നും വലിയൊരു അളവ് ഭൂപ്രദേശം അവര്‍ ഇതിനകം പിടിച്ചെടുത്തുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഉക്രെയ്ന് വന്‍ തോതില്‍ സാമ്പത്തിക-സൈനിക സഹായങ്ങള്‍ നല്‍കിയെങ്കിലും അമേരിക്കയ്ക്ക് ഇതില്‍ നിന്ന് തിരിച്ചൊന്നും ലഭിച്ചില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. സാമ്പത്തിക നഷ്ടവും കനത്ത പ്രതിസന്ധികളും മാത്രമാണ് തിരികെ കിട്ടിയത്. തര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാനം കൊണ്ടുവരാന്‍ ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി തന്നെ മുന്‍കൈയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും സെലന്‍സ്കിയും തമ്മിലുള്ള വ്യക്തിപരമായ ശത്രുതയാണ് സമാധാന നീക്കങ്ങള്‍ക്ക് പ്രധാന തടസമെന്നും ട്രംപ് കുറ്റപ്പെടുത്തി. തുടര്‍ച്ചയായ സഹായങ്ങള്‍ നല്കി യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ തികച്ചും തളര്‍ന്നിരിക്കുകയാണ്. റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഉക്രെയ്ന് നടത്തുന്ന ആക്രമണങ്ങളില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ട്രംപിന്റെ പ്രതിനിധികള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ ഉക്രെയ്നോട് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.