ദമാമിലെ കിങ് ഫഹദ് വിമാനത്താവളവും ഷൈബയിലെ എണ്ണപാടവും ആക്രമിച്ച് ഹൂതികള്‍; രണ്ട് പ്രവാസികളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ദമാമിലെ കിങ് ഫഹദ് വിമാനത്താവളവും ഷൈബയിലെ എണ്ണപാടവും ആക്രമിച്ച് ഹൂതികള്‍; രണ്ട് പ്രവാസികളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം. ദമാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന് കേടുപാടുണ്ടാവുകയും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

അതേസമയം സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു. ഷൈബയിലെ എണ്ണപാടം ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ഡ്രോണ്‍ അവശിഷ്ടം വീണാണ് ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികള്‍ മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.

സൗദി അരാംകോയുടെ തെക്കുകിഴക്കന്‍ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജ മന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ട് മരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍ സ്വദേശിക്കും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ എംബസി ജീവനക്കാരോട് രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശിച്ചു. അത്യാവശ്യ ജോലികളില്‍ അല്ലാത്ത യുഎസ് സര്‍ക്കാര്‍ ജീവനക്കാരും കുടുംബാംഗങ്ങളും സൗദി വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.