തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ വാര്‍ഷികാഘോഷങ്ങള്‍ക്കും പരസ്യ പ്രചാരണങ്ങള്‍ക്കുമായി കിഫ്ബി വഴി ഏകദേശം 475 കോടി രൂപ ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട്.
കിഫ്ബി ഓഡിറ്റ് അക്കൗണ്ടുകളും സുധാ പിള്ള കമ്മിറ്റി റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ തുകകള്‍ വകമാറ്റിയെന്നാണ് വിവരം. 2016 മുതല്‍ 2026 വരെയുള്ള കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പരസ്യങ്ങള്‍ക്കും പ്രചാര പരിപാടികള്‍ക്കുമായാണ് ഇത്രയും തുക ചിലവഴിച്ചത്.
ഇതിന്റെ പകുതിയോളം തുകയായ 216 കോടി രൂപ പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമായ 'എന്റെ കേരളം' പരിപാടിക്കായി മൂന്ന് വര്‍ഷം കൊണ്ട് ചെലവഴിച്ചു. എസ്/എസ്ടി വികസന പദ്ധതികള്‍ക്കായി കിഫ്ബി ഇതുവരെ അനുവദിച്ച 87 കോടി രൂപയുടെ ഇരട്ടിയിലധികമാണിത്.
2022-2023 ല്‍ 52.03 കോടി രൂപയും 2023-24 ല്‍ 67.45 കോടി രൂപയും 2025-26 ല്‍ 96.44 കോടി രൂപയും 'എന്റെ കേരളം പരിപാടിക്കായി ചെലവഴിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ഉപയോഗിക്കേണ്ട കിഫ്ബി ഫണ്ട്, സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വകമാറ്റിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വായ്പാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേയാണ്, നൂറു കണക്കിന് കോടി വക മാറ്റിയത്. 2023-24 ല്‍ കേരളീയം ഉത്സവത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കിഫ്ബി 12.95 കോടി രൂപ ചെലവഴിച്ചു. 2018-19 വരെ പ്രതിവര്‍ഷം രണ്ട് കോടി രൂപയില്‍ താഴെ മാത്രമായിരുന്ന കിഫ്ബിയുടെ പ്രചാരണ ചെലവുകള്‍ തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നു. 2019-20 ല്‍ ഇത് 25.33 കോടി രൂപയായി വര്‍ധിച്ചു.
അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഉദ്ഘാടനം ചെയ്ത 'കേരള നിര്‍മിതി' പ്രദര്‍ശനത്തിനായി ചെലവഴിച്ചത് 13.61 കോടി രൂപയാണ്. കോവിഡ് കാരണം നിര്‍മിതി പ്രദര്‍ശനങ്ങള്‍ നിര്‍ത്തി വെച്ചപ്പോള്‍, മണ്ഡലാടിസ്ഥാനത്തില്‍ കിഫ്ബി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ 14 ടിവി ചാനലുകളിലും റേഡിയോയിലും പ്രചരിപ്പിക്കുന്നതിനായി വന്‍ തുക ചെലവഴിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സുധാ പിള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 2025-26 വര്‍ഷത്തില്‍ മാത്രം പരസ്യ-പ്രചാരണങ്ങള്‍ക്കായി 203.72 കോടി രൂപയാണ് ചെലവഴിച്ചത്.
തുടര്‍ച്ചയായി മൂന്ന് വര്‍ഷമാണ് പരസ്യച്ചെലവുകളുടെ കാര്യത്തില്‍ കിഫ്ബിയുടെ അക്കൗണ്ടുകള്‍ ഓഡിറ്റര്‍ ചോദ്യം ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പരിപാടികളുടെ ചെലവുകള്‍ വഹിച്ചതെന്നും തങ്ങളുടെ പ്രചാരണ ചെലവുകള്‍ ജനറല്‍ ബോഡി അംഗീകരിച്ച ബജറ്റിനുള്ളില്‍ നിന്നാണെന്നുമാണ് കിഫ്ബിയുടെ വിശദീകരണം.