ജീവനക്കാരോടുള്ള മോശം പെരുമാറ്റം: ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; ഡി. ബാലമുരളിക്ക് പുതിയ ചുമതല

ജീവനക്കാരോടുള്ള മോശം പെരുമാറ്റം: ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; ഡി. ബാലമുരളിക്ക് പുതിയ ചുമതല

തിരുവനന്തപുരം: ജീവനക്കാരോടുള്ള മോശം പെരുമാറ്റവും അനാവശ്യ നടപടികളും സംബന്ധിച്ച ആക്ഷേപങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ടി.വി അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ ഗതാഗത മന്ത്രി സി.പി ജോണിന് നേരിട്ട് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക നടപടി.

ഗതാഗത വകുപ്പിന്റെ പ്രധാന ചുമതലകളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഏവിയേഷന്‍, മെട്രോ, റെയില്‍വേ തുടങ്ങിയ സുപ്രധാന മേഖലകളുടെ മേല്‍നോട്ടം അനുപമ തന്നെ തുടര്‍ന്നും വഹിക്കും. തദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. മുന്‍പ് തദേശ വകുപ്പിന്റെ അധിക ചുമതല മാത്രമാണ് അനുപമ കൈകാര്യം ചെയ്തിരുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിക്കാണ് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

ഇതിന് പുറമെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായും അദേഹം പ്രവര്‍ത്തിക്കും. ഭരണതലത്തിലെ ഈ പുനസംഘടനയുടെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിനെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ അധിക ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.