'ഇനി എല്ലാം പരമ രഹസ്യം'; വിജിലന്‍സ് രഹസ്യ വിഭാഗങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം

'ഇനി എല്ലാം പരമ രഹസ്യം'; വിജിലന്‍സ് രഹസ്യ വിഭാഗങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ രഹസ്യ വിഭാഗങ്ങളെ (ടി സെക്ഷന്‍) വിവരാവകാശ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതോടെ വിജിലന്‍സിലെ നിര്‍ണായക വിവരങ്ങള്‍ രഹസ്യമായി തുടരും.

സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സികളെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ചട്ടം ഉപയോഗിച്ചാണ് നടപടി. പോലീസിലെയും ഇന്റലിജന്‍സിലെയും രഹസ്യ വിഭാഗങ്ങളെ നേരത്തെ ഒഴിവാക്കിയിരുന്നു.

വിജിലന്‍സിന്റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി1, ടി2 എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

വിജിലന്‍സിലെ മിനിസ്റ്റീരിയല്‍, എക്‌സിക്യൂട്ടീവ്, ലീഗല്‍ ഉദ്യോഗസ്ഥരുടെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകള്‍, ഉയര്‍ന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകള്‍, അതീവ രഹസ്യ സ്വഭാവമുള്ള ടോപ്പ് സീക്രട്ട് രേഖകള്‍ എന്നിവ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ടി1 സെക്ഷനാണ്.

ടി2 സെക്ഷനാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികള്‍ പ്രോസസ് ചെയ്യല്‍, നിര്‍ണായകമായ സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത്.

2005 ല്‍ വിവരാവകാശ നിയമം വന്നപ്പോള്‍ രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെക്ഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും ഒഴിവാക്കി വിജ്ഞാപനമിറക്കി.

ഏതൊക്കെ വിവരങ്ങള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നതിനാല്‍, ഏത് ഫയലും ഇനി രഹസ്യമാക്കാന്‍ കഴിയും. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നും സ്വാഭാവികമായ ഭരണ നടപടികളുടെ ഭാഗമായാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.