സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ്: കുഞ്ഞാലിക്കുട്ടിയുടെ മൂന്ന് കാറുകള്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ക്ക് പൊതുഭരണവകുപ്പിന്റെ അനുമതി

സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ്: കുഞ്ഞാലിക്കുട്ടിയുടെ മൂന്ന് കാറുകള്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ക്ക് പൊതുഭരണവകുപ്പിന്റെ അനുമതി

തിരുവനന്തപുരം: മന്ത്രിമാരുടെ സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് പതിച്ച് ഉപയോഗിക്കുന്നതിന് അഞ്ച് മന്ത്രിമാര്‍ക്ക് പൊതുഭരണവകുപ്പ് അനുമതി നല്‍കി. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് സ്ഥാപിക്കാനുള്ള പ്രത്യേക അനുമതിയാണ് അനുവദിച്ചിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയെക്കൂടാതെ രമേശ് ചെന്നിത്തല, വി.ഇ അബ്ദുല്‍ ഗഫൂര്‍, പി.കെ ബഷീര്‍, കെ.എം ഷാജി എന്നി മന്ത്രിമാരുടെ അപേക്ഷകളിന്മേലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് വിവരവാകാശ നിയമപ്രകാരമുള്ള മറുപടിയിലൂടെ പൊതുഭരണവകുപ്പ് വ്യക്തമാക്കി.
മന്ത്രി കെ.എം ഷാജി സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് പതിച്ച് യാത്ര ചെയ്തത് നേരത്തെ വന്‍ വിവാദമായിരുന്നു. യാത്ര ചെയ്യുന്ന സമയത്ത് പൊതുഭരണവകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിനുശേഷമാണ് അപേക്ഷ സമര്‍പ്പിച്ച് ക്രമീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അതേസമയം സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് സ്ഥാപിക്കാമെങ്കിലും ഇതിന്റെ ഇന്ധനച്ചെലവോ അറ്റകുറ്റപ്പണികളോ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വഹിക്കില്ല. കൂടാതെ മന്ത്രിമാര്‍ നേരിട്ട് യാത്ര ചെയ്യുന്ന സമയത്ത് മാത്രമേ ഇത്തരം വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് ഉപയോഗിക്കാവൂ എന്ന കര്‍ശന നിര്‍ദേശവും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.