വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഇനി 17.5 ലക്ഷം രൂപ; നഷ്ടപരിഹാര തുക പുതുക്കി സര്‍ക്കാര്‍

വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഇനി 17.5 ലക്ഷം രൂപ; നഷ്ടപരിഹാര തുക പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ 14 ലക്ഷം രൂപയായിരുന്നത് 17.5 ലക്ഷം രൂപയാക്കി. പാമ്പ്, കടന്നല്‍, തേനീച്ച എന്നിവയുടെ ആക്രമണം മൂലമുള്ള മരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും.

അതോടൊപ്പം, ആക്രമണങ്ങളില്‍ അംഗ വൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള ധന സഹായവും വര്‍ധിപ്പിച്ചിട്ടുണ്ട്. 40 മുതല്‍ 60 ശതമാനം വരെ അംഗ വൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായും 60 ശതമാനത്തിന് മുകളില്‍ അംഗ വൈകല്യം സംഭവിക്കുന്നവര്‍ക്ക് നല്‍കിയിരുന്ന 2.5 ലക്ഷം രൂപ 3,12,500 രൂപയായും ഉയര്‍ത്തി.

ആശുപത്രി ചികിത്സ ആവശ്യമായി വരുന്ന പരിക്കുകള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 1,25,000 രൂപ വരെ ലഭിക്കും. ഒരാഴ്ചയ്ക്ക് മുകളില്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാം.

അതീവ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും ദീര്‍ഘകാലം ചികിത്സ ആവശ്യമായി വരുന്നവര്‍ക്കും ചികിത്സയ്ക്കായി വന്‍തുക ചെലവാകുന്ന സാഹചര്യത്തില്‍, ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍, ചികിത്സയ്ക്ക് ചെലവായ യഥാര്‍ഥ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

ധനസഹായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി തീരുമാനിച്ചിരുന്നു. വന്യജീവി ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്റെ ഈ പുതിയ ഉത്തരവ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.