'പൊതുബോധത്തിന് കീഴ്പ്പെടാനാകില്ല'; ചേരാനെല്ലൂര്‍ അപകടത്തില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

'പൊതുബോധത്തിന് കീഴ്പ്പെടാനാകില്ല'; ചേരാനെല്ലൂര്‍ അപകടത്തില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പതിനേഴുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് ചേരാനെല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

അറസ്റ്റിനെതിരെ ജഡ്ജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും നിയമം അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ജി പരിഗണിച്ചപ്പോള്‍ ജഡ്ജിയുടെ അറസ്റ്റ് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസറാണ്. അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്നലെ നാല് മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് അഡീഷണല്‍ ജഡ്ജി ചൂണ്ടിക്കാട്ടിയപ്പോള്‍, നാലുമണിക്കൂറോളം ചോദ്യം ചെയ്യേണ്ട കാര്യമെന്തെന്നും കോടതി ചോദിച്ചു.

അപകടമുണ്ടാക്കിയ വാഹനം ഇതിനകം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 199 എ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വാഹന ഉടമയ്‌ക്കോ രക്ഷാകര്‍ത്താവിനോ ആയിരിക്കും. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരം സാഹചര്യത്തില്‍ എന്തിനാണ് അറസ്റ്റുചെയ്യുന്നതെന്നും കോടതി ചോദിച്ചു.

അപകട സ്ഥലത്ത് മണിക്കൂറുകളോളം ജഡ്ജി ഉണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിച്ചുവെന്നും അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. മകന്‍ വാഹനം എടുത്തുകൊണ്ടു പോയത് അറിഞ്ഞില്ലെന്നാണ് ഇന്നലെ ചോദ്യം ചെയ്യലില്‍ ജഡ്ജി ക്രൈംബ്രാഞ്ചിനോട് ആവര്‍ത്തിച്ചത്. പിതാവ് എന്ന നിലയിലാണ് താന്‍ പൊലീസ് സ്റ്റേഷനില്‍ പോയതെന്നും ജഡ്ജി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.