ന്യൂഡല്‍ഹി: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം അപഹരിക്കപ്പെട്ടെന്ന ഗുരുതര വിഷയത്തില്‍ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ സഖ്യം ശക്തമായ പ്രതിഷേധത്തിലേക്ക്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്യുന്ന പ്രതീകാത്മക പബ്ലിക് ഇംപീച്ച്മെന്റ് പരിപാടി വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് സംഘടിപ്പിക്കും.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയായ 10 രാജാജി മാര്‍ഗിലാണ് വൈകുന്നേരം 3:30 നാണ് ജനകീയ വിചാരണ സഭ ആരംഭിക്കുന്നത്.
നവംബര്‍ ഒന്നിന് ചരിത്ര പ്രസിദ്ധമായ രാംലീല മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഡല്‍ഹി ചലോ മഹാറാലിയുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടി കൂടിയാണ് ഈ പ്രതിഷേധസഭ. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സഭയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള ജനപ്രതിനിധികളും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും പൗരപ്രമുഖരും ഉള്‍പ്പെടെ ഇരുനൂറോളം വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.
അധ്യക്ഷ പ്രസംഗത്തിന് പിന്നാലെ, പൗരന്മാരുടെ ജനാധിപത്യപരമായ വോട്ടവകാശം അപഹരിച്ചുവെന്ന ആരോപണം, ഭരണഘടനാ ലംഘനം, രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ സത്യവിരുദ്ധമായ വിവരങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ജനകീയ കുറ്റപത്രം സഭയില്‍ സമര്‍പ്പിക്കും.
തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവതരിപ്പിക്കുന്നതോടെ പാര്‍ലമെന്ററി മാതൃകയിലുള്ള വിചാരണാ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. വൈകുന്നേരം ആറോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമാപന പ്രസംഗം നടത്തുകയും, സഭയുടെ തീരുമാനമെന്ന നിലയില്‍ ജനകീയ വിധി പ്രഖ്യാപിക്കുകയും ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, ഡെറിക് ഒബ്രയാന്‍, ജോണ്‍ ബ്രിട്ടാസ്, പി.പി സുനീര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വ്യാഴാഴ്ച ചേര്‍ന്ന ആലോചനാ യോഗത്തില്‍ പങ്കെടുത്തു.
ഇതേസമയം ഡല്‍ഹിയിലെ എം.ഡി.എം.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മറ്റൊരു മോക്ക് പാര്‍ലമെന്റ് സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും അനുകൂലിക്കുന്ന സംഘടനകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നവംബര്‍ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന കൂറ്റന്‍ പ്രതിഷേധ റാലിക്ക് കര്‍ശന ഉപാധികളോടെയാണ് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്.