പ്രതിപക്ഷ ഐക്യം വ്യക്തമാക്കി 'ചലോ ദില്ലി' റാലി രാംലീല മൈതാനിയിലേക്ക്; തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍

പ്രതിപക്ഷ ഐക്യം വ്യക്തമാക്കി  'ചലോ ദില്ലി' റാലി രാംലീല മൈതാനിയിലേക്ക്; തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന 'ചലോ ദില്ലി' പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹിയില്‍ തുടക്കമായി.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവര്‍ തുറന്ന വാഹനത്തില്‍ രാംലീല മൈതാനിയിലേക്ക് നീങ്ങുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തോളം പേര്‍ റാലിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

റാലിയെ തുടര്‍ന്ന് രാജ്യ തലസ്ഥാനം കനത്ത ജാഗ്രതയിലാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി. രാവിലെ മുതല്‍ തന്നെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും സമരവേദികളിലേക്ക് എത്തി.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ശശി തരൂര്‍, സച്ചിന്‍ പൈലറ്റ്, വി.ഡി. സതീശന്‍ എന്നിവരും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുകൂടി.

ഖാര്‍ഗെയുടെ വസതിക്ക് മുന്നില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തില്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.

കേരള ഹൗസില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും പുറപ്പെട്ടു. കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ എത്തി. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലേക്ക് എംപിമാരും സുര്‍ജിത് ഭവനില്‍ നിന്ന് എം.വി ഗോവിന്ദന്‍, പി. രാജീവ് ഉള്‍പ്പെടെയുള്ള സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും മാര്‍ച്ചിനായി പുറപ്പെട്ടു. കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് മിന്റോ റോഡ് വഴിയാണ് റാലി രാംലീല മൈതാനത്തേക്ക് നീങ്ങുന്നത്.

ഇടത് പാര്‍ട്ടികളുടെയും മറ്റ് ഘടക കക്ഷികളുടെയും പങ്കാളിത്തം സമരത്തെ കൂടുതല്‍ ശക്തമാക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ബിജെപി ഭരണത്തിന്റെ അന്ത്യത്തിലേക്കാണ് ഈ നീക്കമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ജയറാം രമേശ്, പവന്‍ ഖേര, ദീപദാസ് മുന്‍ഷി, ഫറൂഖ് അബ്ദുള്ള, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എന്‍.കെ. പ്രേമചന്ദ്രന്‍, ദേവരാജന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

രാംലീല മൈതാനത്തേക്ക് പ്രവര്‍ത്തകരുടെ വന്‍ പ്രവാഹമാണ് അനുഭവപ്പെടുന്നത്. മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങള്‍ നിറഞ്ഞതിനെ തുടര്‍ന്ന് പോലീസ് വിലക്ക് ലംഘിച്ചും പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് രണ്ടാം നമ്പര്‍ ഗേറ്റ് അടച്ച പോലീസ്, മൂന്നാം നമ്പര്‍ ഗേറ്റിലൂടെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.