ടെല്‍ അവീവ്: ഇസ്രയേലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ബെഞ്ചമിന്‍ നെതന്യാഹു. മുഖ്യ എതിരാളി ഗാദി ഐസന്കോട്ടുമായി ചേര്‍ന്ന് ഒരു കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം നെതന്യാഹു നടത്തുന്നുണ്ടെന്ന് ഐ 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നെതന്യാഹുവും പാര്‍ട്ടിയും ഇത് പരസ്യമായി തള്ളുന്നെങ്കിലും ഇക്കാര്യത്തില്‍ എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ടെന്ന് ചില ഇസ്രയേലി മാധ്യമങ്ങള്‍ പറയുന്നു. അറബ് പാര്‍ട്ടികളെ അധികാരത്തില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.
ഐസന്‍കോട്ട് അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് കടുത്ത യാഥാസ്ഥിതിക കക്ഷികളുടെ ഒരു സര്‍ക്കാര്‍ രൂപീകരിച്ച് തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുമോ എന്ന് നെതന്യാഹുവിന് ഭയമുണ്ട്. ഇതാണ് ഇത്തരത്തില്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ ചിന്തയിലേക്ക് അദ്ദേഹം കടന്നതിന് കാരണമെന്നാണ് സൂചന.
ഇതിനിടെ ഗാഡി ഐസന്‍കോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത് അറബ് പാര്‍ട്ടികളുടെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് മുന്നില്‍ ഇക്കാര്യം ഔദ്യോഗികമായി അവര്‍ അറിയിച്ചേക്കുമെന്നാണ് സൂചനകള്‍.
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 120 ല്‍ 53 സീറ്റുകള്‍ നേടിയിരുന്നു. ഗാദി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിയാണ് രണ്ടാമത്. 48 സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചു. അറബ് പാര്‍ട്ടികള്‍ 18 സീറ്റിലും വിജയിച്ചിരുന്നു.