'രണ്ട് ദിവസത്തിനകം ഹോര്‍മുസ് തുറക്കാം'; അമേരിക്കയ്ക്ക് മുന്നില്‍ പുതിയ നിബന്ധനകള്‍ വച്ച് ഇറാന്‍

'രണ്ട് ദിവസത്തിനകം ഹോര്‍മുസ് തുറക്കാം'; അമേരിക്കയ്ക്ക് മുന്നില്‍ പുതിയ നിബന്ധനകള്‍ വച്ച് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്ക തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായി അംഗീകരിക്കുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനുള്ളില്‍ തുറന്നു നല്‍കാന്‍ തയ്യാറാണെന്ന് ഇറാന്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്ക തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നതാണ് ഇറാന്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന വ്യവസ്ഥകളിലൊന്ന്.

ഇസ്ലമാബാദ് ധാരണാപത്രത്തിന് ശേഷം ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കുക, മേഖലയിലെ യു എസ് സൈനിക സാന്നിധ്യം കുറയ്ക്കുക, എണ്ണ വില്‍പനയ്ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കുക, ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തടഞ്ഞുവച്ച ഇറാനിയന്‍ ഫണ്ടുകള്‍ വിട്ടുകൊടുക്കുക എന്നിവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങള്‍.

ഒമാനുമായി ചേര്‍ന്ന് നിശ്ചയിച്ച പുതിയ കപ്പല്‍പാത അംഗീകരിക്കണമെന്നും മറ്റ് പാതകള്‍ അടയ്ക്കണമെന്നുമുള്ള ആവശ്യവും ഇറാന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാന്റെ ഏഴ് നിബന്ധനകളും അംഗീകരിക്കാതെ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊഹ്‌സെന്‍ റെസായി വ്യക്തമാക്കി.

ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പുതിയ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ കത്ത് ഖത്തര്‍ വഴി കൈമാറിയതിന് പിന്നാലെ മേഖലയില്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്. ഇറാന്‍ ചര്‍ച്ചകള്‍ക്ക് താല്‍പര്യം കാണിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.