ഇസ്രയേലിലെ നഹാരിയയിൽ ക്രൈസ്തവ ആരാധനാലയത്തിന് നേരെ അക്രമം; രൂപങ്ങളും ചിത്രങ്ങളും തകർത്തു

ഇസ്രയേലിലെ നഹാരിയയിൽ ക്രൈസ്തവ ആരാധനാലയത്തിന് നേരെ അക്രമം; രൂപങ്ങളും ചിത്രങ്ങളും തകർത്തു

നഹാരിയ: ഇസ്രയേലിലെ നഹാരിയയിൽ ലെബനീസ് മാരോണൈറ്റ് സമൂഹത്തിന്റെ ആരാധനാലയത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആരാധനാലയത്തിന് നേരെ ഈ ഹീനമായ നടപടി ഉണ്ടായത്.

ആരാധനാലയമായി ഉപയോഗിച്ചിരുന്ന ഹാളിലെ വിശുദ്ധ രൂപങ്ങളും ചിത്രങ്ങളും പൂർണമായും തകർത്തും വികൃതമാക്കിയുമാണ് അക്രമികൾ തങ്ങളുടെ വിദ്വേഷം തീർത്തതെന്ന് ഇസ്രയേലിലെ മാരോണൈറ്റ് സമൂഹത്തിന്റെ വക്താവായ ഫാ. യോസെഫ് യാക്കോവ് വെളിപ്പെടുത്തി.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൂന്തോട്ടത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഈ പ്രാർത്ഥനാകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലെബനീസ് മാരോണൈറ്റ് സമൂഹം തങ്ങളുടെ പ്രാർത്ഥനകൾക്കും മറ്റു വിശ്വാസപരമായ ചടങ്ങുകൾക്കുമായി പതിവായി ഒത്തുകൂടിയിരുന്ന ഇടമാണിത്.

ഞായറാഴ്ചകളിൽ നിരവധി വിശ്വാസികൾ പ്രാർത്ഥനകളിൽ സംബന്ധിക്കാനായി ഇവിടെയെത്താറുണ്ട്. വൈകുന്നേരം ഏഴ് മണിക്ക് നിശ്ചയിച്ചിരുന്ന പ്രാർത്ഥനാ ചടങ്ങിനായി എത്തിയ വിശ്വാസിയാണ് ആരാധനാലയം അടിച്ചുതകർത്ത നിലയിൽ ആദ്യം കണ്ടത്.

വിശുദ്ധ ഇടത്തിന് നേരെ ഉണ്ടായ ഈ അതിക്രമത്തെ ഹൈഫയിലെ മാരോണൈറ്റ് അതിരൂപത ശക്തമായ ഭാഷയിൽ അപലപിച്ചു. ആരാധനാലയങ്ങളുടെ പവിത്രതയ്ക്കു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് സഭാനേതൃത്വം ചൂണ്ടിക്കാട്ടി.

ഒരു സമൂഹത്തിന് തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും അന്തസോടെയും ആചരിക്കാനുള്ള മൗലികാവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഈ അക്രമമെന്ന് അതിരൂപത പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി, കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികാരികൾ തയ്യാറാകണമെന്ന് സഭാനേതൃത്വം ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.