വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്.പി.സി.എല്‍) റിഫൈനറിയില്‍ വന്‍ തീപിടിത്തം. ബിടുമെന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന റഫ് പിച്ച് ഓയില്‍ അടങ്ങിയ എണ്ണ ടാങ്കിന് സമീപമാണ് തീ പടര്‍ന്നുപിടിച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സ്ഫോടനം നടന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവാണെന്ന് എച്ച്.പി.സി.എല്‍ അധികൃതര്‍ വ്യക്തമാക്കി.
റിഫൈനറിയില്‍ നിന്ന് ഉയര്‍ന്നതോതില്‍ കറുത്ത പുകയും വന്‍ തീജ്വാലകളും സമീപ പ്രദേശങ്ങളായ മല്‍ക്കാപുരം, ശ്രീഹരിപുരം തുടങ്ങിയ വ്യവസായ മേഖലകളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ജനങ്ങളില്‍ ഭീതി പടര്‍ത്തി. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചു. എച്ച്.പി.സി.എല്ലിന്റെ സ്വന്തം സുരക്ഷാ-അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടത്തിയിരുന്നു. തീ ടാങ്കിനുള്ളില്‍ തന്നെ ഒതുക്കിനിര്‍ത്താന്‍ സാധിച്ചതിനാല്‍ മറ്റ് സംസ്കരണ യൂണിറ്റുകളിലേക്ക് പടര്ന്നുപിടിച്ചില്ലെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ശംഖബ്രത ബാഗ്ചി അറിയിച്ചു.
അപകടത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ചും ഉണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് എച്ച്.പി.സി.എല്‍ മാനേജ്മെന്റ് അറിയിച്ചു.