കാഠ്മണ്ഡു: നേപ്പാളില്‍ ലാന്‍ഡിംഗിനിടെ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു ഇന്ത്യന്‍ പൗരന് മരിച്ചു. നേപ്പാളിലെ എവറസ്റ്റിന് സമീപം ഫെറിഷെയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഫിഷ്ടെയില് എയറിന്റെയും എയര്‍ ഡയനാസ്റ്റിയുടെയും ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. സോലുഖുംബു ജില്ലയിലെ ഫെറിഷെ ഹെലിപാഡില്‍ മഞ്ഞുമൂടിയ സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഫിഷ്ടെയില് എയര്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്ന ഒരു ഇന്ത്യന്‍ യാത്രക്കാരന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എയര്‍ ഡയനാസ്റ്റി ഹെലികോപ്റ്ററിന്റെ പൈലറ്റടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വസന്ത് കുമാര്‍ ബലരാമ രാമഡു എന്നയാളാണ് മരിച്ച ഇന്ത്യക്കാരനെന്ന് സോളുഖുംബു പൊലീസ് മേധാവി മൗസം തമാങ്ങിനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതേ ഹെലികോപ്റ്റില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് പൗരന് ശൈലേഷ് കൃഷ്ണ പട്ടേലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ മറ്റൊരു ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.