ഓക്സിജനുമായി പോകുന്ന വാഹനം തടയരുത്; മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം

ഓക്സിജനുമായി പോകുന്ന വാഹനം തടയരുത്; മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് പലയിടങ്ങളിലും ഓക്സിജൻ ക്ഷാമം. ഈ സാഹചര്യത്തിൽ രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒക്സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പടെ ഒരിടത്തും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

മെഡിക്കല്‍ ഓക്സിജന്റെ സുഗമമായ നീക്കത്തിന് എല്ലാവരും സൗകര്യം ഒരുക്കണം. ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ഏതു സമയത്തും സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാം. ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവും ഓക്സിജന്‍ വാഹനങ്ങള്‍ക്ക് ബാധകമാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്സിജന്‍ ഉത്പാദത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ. ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

ഡൽഹിയിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെ പാനിപത്തില്‍ 260 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട് ഇതില്‍ 140 മെട്രിക് ടണ്‍ ഓക്സിജന്‍ ഡൽഹിക്ക് അനുവദിച്ചതായി ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടറും വ്യക്തമാക്കി. ഓക്സിജന്‍ വിതരണത്തില്‍ തടസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് എന്നെ സമീപിച്ചിരുന്നു. നിലവിലുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചതായും ഖട്ടര്‍ വിശദമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.