ഭോപ്പാല്‍: തന്റെ അമ്മയ്ക്ക് അടിയന്തിരമായി ഓക്സിജന്‍ വേണമെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ മകനോട് മുഖത്ത് അടികിട്ടുമെന്ന് ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി. കേന്ദ്ര ടൂറിസം മന്ത്രിയും ദാമോഹ് എം.പിയുമായ പ്രഹ്ലാദ് സിങ് പാട്ടേല്‍ യുവാവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
യുവാവിന്റെ അമ്മയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള ഓക്സിജന്‍ പ്രതിസന്ധി ചൂണ്ടികാട്ടിയപ്പോഴാണ് മന്ത്രി ക്ഷുഭിതനായി മുഖത്തടിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. യുവാവ് വികാരഭരിതനായി സംസാരിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഇങ്ങനെ സംസാരിച്ചാല്‍ രണ്ടടി കിട്ടുമെന്നാണ് മന്ത്രി പറഞ്ഞത്. തല്ല് കൊള്ളാന്‍ തയ്യാറാണ് പകരം അമ്മയ്ക്ക് ഓക്സിജന്‍ എത്തിക്കണം എന്നായിരുന്നു യുവാവിന്റെ പ്രതികരണം.
പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ഥലം എം.പി കൂടിയായ മന്ത്രിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി ആശുപത്രി സന്ദര്‍ശിക്കാനെത്തിയത്.