ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗ വ്യാപന പശ്ചാത്തലത്തിൽ മരണനിരക്ക് ഉയരുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓക്സിജന്‍ ക്ഷാമം മൂലവും ഐ.സി.യു കിടക്കകളില്ലാത്തതിനാലും ആളുകള്‍ മരിച്ചുവീഴുന്നതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മാത്രം 2263 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 'കൊറോണ ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറക്കും. കൂടാതെ ഓക്സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും ധാരാളം മരണങ്ങള്‍ക്ക് കാരണമാകും. കേന്ദ്രസര്‍ക്കാര്‍.. ഇത് നിങ്ങള്‍ കാരണമാണ്' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യതലസ്ഥാനത്തുള്‍പ്പെടെ നിരവധി ആശുപത്രികളാണ് ഓക്സിജന്‍ അഭാവവും ഐ.സി.യു കിടക്കകളും മരുന്നുകളും ഇല്ലാതെ ദുരന്തഭൂമിയാകുന്നത്.നിരവധി പേര്‍ക്കാണ് ഓക്സിജന്‍ ലഭിക്കാതെ ജീവന്‍ നഷ്ടമായത്.