ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തറിച്ചുണ്ടായ അപകടത്തില്‍ മരണം 82 ആയി. 110 പേര്‍ക്കു പരുക്കേറ്റു. തെക്ക് കിഴക്കന്‍ ബാഗ്ദാദിലെ ദിയാല ബ്രിഡ്ജ് പ്രദേശത്തെ ഇബ്‌നു ഖത്തീബ് ആശുപത്രിയിലാണ് ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്.
കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആശുപത്രിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ആശുപത്രിയുടെ ഒന്നിലധികം നിലകളില്‍ തീ പടരുകയായിരുന്നു. ശ്വാസകോശ തീവ്രപരിചരണ വിഭാഗത്തിനായി നിശ്ചയിച്ചിട്ടുള്ള നിലയിലാണ് അഗ്‌നിബാധയുണ്ടായത്. കോവിഡ് ഗുരുതരമായി വെന്റിലേറ്ററിലായിരുന്ന 28 പേരും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രാജ്യത്തെ സ്വതന്ത്ര മനുഷ്യാവകാശ കമ്മിഷന്റെ വക്താവ് അലി അല്‍ ബയാറ്റി ട്വീറ്റ് ചെയ്തു.
ഇരുന്നൂറോളം പേരെ ആശുപത്രിയില്‍നിന്നു രക്ഷപ്പെടുത്തി. ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളെയും മാറ്റി. പുലര്‍ച്ചെയോടെ തീ അണച്ചതായി ഇറാഖ് സിവില്‍ ഡിഫന്‍സ് യൂണിറ്റ് മേധാവി മേജര്‍ ജനറല്‍ കാദിം ബോഹന്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിക്കാന്‍ ബാഗ്ദാദ് ഗവര്‍ണര്‍ മുഹമ്മദ് ജാബര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ രംഗത്തുവന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ഹസന്‍ അല്‍ തമീമിയെ പുറത്താക്കാന്‍ കമ്മിഷന്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദേമിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.
കോവിഡ് ഇറാഖിന്റെ ആരോഗ്യ സംവിധാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്. 15,000 പേരാണ് മരിച്ചത്.