ന്യൂഡല്‍ഹി: കോവിഡ് മരണനൃത്തം ചെയ്യുന്ന രാജ്യ തലസ്ഥാനത്ത് ഓരോ മണിക്കൂറിലും മരിച്ചു വീഴുന്നത് 12 പേര്‍! അതിരൂക്ഷമായ ഓക്സിജന്‍ ക്ഷാമമാണ് ഡല്‍ഹിയെ ചുടലക്കളമാക്കി മാറ്റുന്നത്.
ഏപ്രില്‍ 19 മുതല്‍ 24 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഓരോ മണിക്കൂറും 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 12 മുതല്‍ 17 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡല്‍ഹിയില്‍ 677 പേര്‍ മരിച്ചു. ഓരോ മണിക്കൂറിലും അഞ്ച് മരണങ്ങള്‍.
തിങ്കളാഴ്ച മാത്രം തലസ്ഥാനത്ത് 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഒരു മണിക്കൂറില്‍ മരിച്ചത് പത്തുപേര്‍. വ്യാഴാഴ്ച അത് പന്ത്രണ്ടിലെത്തി. വ്യാഴാഴ്ച 24 മണിക്കൂറിനിടയില്‍ 277 പേര്‍ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയിലെ മരണ നിരക്ക് 300 ന് മുകളിലാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 357 പേര്‍ക്ക് ശനിയാഴ്ച ജീവന്‍ നഷ്ടമായി.