മാസ്‌ക് ധരിക്കാത്തതിന് പ്രധാനമന്ത്രിക്ക് പിഴശിക്ഷ; സംഭവം തായ് ലന്‍ഡില്‍

മാസ്‌ക് ധരിക്കാത്തതിന് പ്രധാനമന്ത്രിക്ക് പിഴശിക്ഷ; സംഭവം തായ് ലന്‍ഡില്‍

ബാങ്കോക്ക്: മാസ്‌ക് ധരിക്കാത്തതിന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഓച്ചയ്ക്ക് 6000 ബാത്ത് (14,280 രൂപ) പിഴ ചുമത്തിയതായി ബാങ്കോക്ക് ഗവര്‍ണര്‍. പ്രധാനമന്ത്രി മാസ്‌ക് ധരിക്കാതെ ഒരു യോഗത്തില്‍ ഇരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചതിനെതുടര്‍ന്നാണ് നടപടി. കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ച് മാസ്‌ക് ധരിക്കാതിരുന്നതിനാലാണ് പിഴയെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ അസ്വിന്‍ ക്വാന്‍മുവാങ് അറിയിച്ചു.

കോവിഡ് നിയന്ത്രണ നിയമം തെറ്റിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നു ബാങ്കോക്ക് ഗവര്‍ണര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിന്നീട് ഈ ഫോട്ടോ പ്രധാനമന്ത്രിയുടെ പേജില്‍നിന്നു നീക്കം ചെയ്തു.

ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ പ്രധാനമന്ത്രി മാസ്‌ക് ധരിക്കാതെയാണ് എത്തിയതെന്നും. ബാങ്കോക്കില്‍ പൗരന്മാര്‍ പുറത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രധാനമന്ത്രി പിഴഅടയ്ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. തായ്ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 20,000 ബാത്ത് ( 47596 രൂപ) വരെ പിഴ ഈടാക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.