ജനീവ: കോവിഡ് രണ്ടാം തരംഗത്തില്‍ വീര്‍പ്പുമുട്ടുന്ന ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകമെന്ന് ലോകാരോഗ്യസംഘടനാ (ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ്. ഓക്‌സിജനും ജീവന്‍രക്ഷാ ഉപകരണങ്ങളും അടക്കം സാധ്യമായ സഹായങ്ങള്‍ ഇന്ത്യയ്ക്ക് എത്തിക്കുന്നുണ്ട്. 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ വിന്യസിച്ചെന്നും ടെഡ്രോസ് അദാനം ജനീവയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡിന്റെ അതിതീവ്ര വ്യാപനത്തില്‍ തകര്‍ന്നുപോയ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറയുന്നതും ജീവവായു ഇല്ലാതെ ആളുകള്‍ പിടയുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രാജ്യം അനുദിനം റെക്കോഡ് സൃഷ്ടിക്കുകയാണ്.
ഇന്ത്യയില്‍ ശ്മശാനങ്ങള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുകയാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളും അനുബന്ധ സേവനങ്ങളും നല്‍കി ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുന്ന സഹായമെല്ലാം ചെയ്യുകയാണെന്ന് ടെഡ്രോസ് പറഞ്ഞു. യുഎന്‍ ഹെല്‍ത്ത് ഏജന്‍സിയും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റും മൊബൈല്‍ ഫീല്‍ഡ് ആശുപത്രികളും ലബോറട്ടറി ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയച്ചു.
തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് മൂന്നു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ലോകത്തു തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.