ഒരു ഡോസ് വാക്‌സിന്‍ വീടുകളിലെ കോവിഡ് വ്യാപനം കുറച്ചതായി യു.കെയിലെ പഠനം

ഒരു ഡോസ് വാക്‌സിന്‍ വീടുകളിലെ കോവിഡ് വ്യാപനം കുറച്ചതായി യു.കെയിലെ പഠനം

ലണ്ടന്‍: കോവിഡ് പ്രതിരോധത്തിനുള്ള ഒരു ഡോസ് ഫൈസര്‍ വാക്‌സിനോ ആസ്ട്രാസെനക്ക വാക്സിനോ എടുക്കുമ്പോള്‍ കുടുംബാംഗങ്ങളിലേക്കുള്ള കോവിഡ് വ്യാപനം 50 ശതമാനം കുറയുന്നതായി പഠനങ്ങള്‍. യു.കെയിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍കെയര്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പി.എച്ച്.ഇ) നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.

ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയില്‍നിന്ന് കുടുംബത്തില്‍ വാക്സിനെടുക്കാത്തവരിലേക്ക് രോഗം പടരാനുള്ള സാധ്യത 38 മുതല്‍ 49 ശതമാനം വരെ കുറവാണെന്നാണ് പഠനം തെളിയിക്കുന്നത്. 24000 വീടുകളിലെ 57000 ആളുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

വാക്സിനുകള്‍ രോഗത്തിന്റെ കാഠിന്യവും മരണനിരക്കും മാത്രമല്ല രോഗ വ്യാപനത്തിനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്ന് പഠനം തെളിയിക്കുന്നതായി പി.എച്ച്.ഇ ഇമ്മ്യൂണൈസേഷന്‍ മേധാവി മേരി റാംസെ പറഞ്ഞു.

ബ്രിട്ടണില്‍ നടക്കുന്ന വാക്സിനേഷനിലൂടെ 60 വയസിന് മുകളിലുള്ള 10400 മരണങ്ങള്‍ തടഞ്ഞതായി പി.എച്ച്.ഇ മുന്‍പു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തല്‍ വാക്സിനുകളുടെ ഫലപ്രാപ്തി സൂചിപ്പിക്കുന്ന സമഗ്രമായ ഡാറ്റയാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. വാക്സിനേഷന്‍ ഒരു വ്യക്തിക്ക് രോഗാണുബാധയുണ്ടാകാനുള്ള സാധ്യത 65 ശതമാനം വരെ കുറയ്ക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.