തനിച്ച് കുര്‍ബാന ചൊല്ലിയ വൈദികനെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച സംഭവം: യുകെയില്‍ ശക്തമായ പ്രതിഷേധം

തനിച്ച് കുര്‍ബാന ചൊല്ലിയ വൈദികനെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച സംഭവം: യുകെയില്‍ ശക്തമായ പ്രതിഷേധം

ലണ്ടന്‍: കോട്ടയം അതിരമ്പുഴ പള്ളിയില്‍ ഒറ്റക്കു കുര്‍ബാന ചൊല്ലിയ വൈദികനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചതില്‍ യുകെയില്‍ പ്രതിഷേധം. യുകെ മലയാളികള്‍ 'അബ്രഹാമിന്റെ മക്കള്‍ ' എന്ന ക്രൈസ്തവ സംഘടനയുടെ കീഴില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുര്‍ബാന അര്‍പ്പിച്ച വൈദികനെ അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച നടപടി തികച്ചും ദുരുദ്ദേശപരമാണെന്നും സംഘടന ആവശ്യപ്പെട്ടു. വൈദികനെ അനാവശ്യമായി സ്റ്റേഷനില്‍ വിളിപ്പിച്ച പൊലീസിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അബ്രഹാമിന്റെ മക്കള്‍ ആവശ്യപ്പെട്ടു.

പൊലീസ് സേനയുടെ കര്‍മ്മശേഷി സമൂഹത്തിന്റെ നന്മക്കായി വിനിയോഗിക്കുന്നതിനുപകരം വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയും മതസ്വാതന്ത്രത്തിനെതിരെയും ഉപയോഗിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. പൊലീസ് രാജിലൂടെ ക്രൈസ്തവ മതത്തെ തകര്‍ക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെങ്കില്‍ ഓര്‍ക്കുക ഭാരത സ്വാതത്ര്യത്തിനുവേണ്ടി ഗാന്ധിജിയുടെ പിന്നില്‍ അടിപതറാതെ നിന്ന ക്രിസ്ത്യാനികള്‍നേരിന്റെ വഴി കാണിച്ചു നല്‍കുക തന്നെ ചെയ്യും. ഇന്ത്യയിലെ ഏറ്റവും സമാധാനപ്രിയരായ ക്രിസ്ത്യാനികളെ ഇനിയും പീഡിപ്പിക്കുന്നതവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡം ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞത് തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്ന് സംഭവത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ ബിജു തലച്ചിറയില്‍ , അനന്ദു പനച്ചിക്കൂന്നേല്‍,ഷാജി മയിലെന്തറ, സണ്ണി ഇലപ്പള്ളിയില്‍, എബ്രഹാം തോമസ്, ജോസ് കരികുന്നേല്‍,ടോമി പെരിങ്ങാട്ട്, വിനോദ് കിഴക്കനടിയില്‍, സോണി കാവുംങ്കല്‍ തുടങ്ങിയവര്‍ പ്രതിഷേധം അറിയിച്ചു. നിയമാനുസൃതമായി കുര്‍ബാനയര്‍പ്പിച്ച വൈദികനെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അബ്രാഹമിന്റെ മക്കള്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.