ജറുസലേം∙ ഇസ്രായേലിലെ മെറോണിൽ നടന്ന ലാഗ് ബി ഒമർ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും പറഞ്ഞു. ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) കൃത്യമായ എണ്ണം നൽകാതെ മരണങ്ങൾ സ്ഥിരീകരിച്ചു. സ്ഥലത്തുള്ള എല്ലാവരെയും ഒഴിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്. പതിനായിരക്കണക്കിന് പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. ലാഗ് ബി ഒമർ ആഘോഷങ്ങളുടെ ഭാഗമായി പതിനായിരക്കണക്കിന് ഓർത്തഡോക്സ് ജൂതന്മാർ എല്ലാ വർഷവും മെറോണിലേക്ക് തീർഥാടനം നടത്താറുണ്ട്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു.
അതേസമയം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ കനത്ത ദുരന്തമാണെന്ന് വിശേഷിപ്പിച്ചു. അപകടത്തിൽപ്പെട്ടവർക്കായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.