വാഷിംഗ്ടണ്‍: തായ് വാനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ചൈനയെ ആഗോളതലത്തില്‍ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കന്‍ നയം ശക്തമാക്കുമെന്ന് യു.എസിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി. ബൈഡന്‍ ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ ചുമതല വഹിക്കുന്ന അവ്‌റില്‍ ഹെയിന്‍സാണ് നയം വ്യക്തമാക്കിയത്.
തായ് വാന്റെ നിസ്സഹായത മുതലെടുക്കുന്ന ചൈനയുടെ നയത്തെ അനുവദിക്കാനാകില്ല. ഏവരും പ്രതീക്ഷിക്കുന്നപോലെ ചൈനയുടെ നീക്കത്തിനെതിരേ അമേരിക്കയും കടുത്ത നയം സ്വീകരിക്കുും. ചൈനയുടെ ആഗോളതലത്തില്‍ പിടിമുറുക്കാനുള്ള ശ്രമത്തെ എതിര്‍ക്കുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത നയമായിക്കഴിഞ്ഞു. ആഗോളതലത്തിലെ അമേരിക്കയുടെ താല്‍പ്പര്യം അവഗണിക്കാന്‍ ചൈന ഒരിക്കലും തയ്യാറാകില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ഹെയിന്‍സ് പറഞ്ഞു.
അവിഭാജ്യഘടകമായി ചൈന കരുതുന്ന പ്രദേശങ്ങളാണ് ഹോങ്കോംഗും തായ് വാനും. ഹോങ്കോംഗിലേതുപോലെ തായ് വാനെതിരേയും പ്രത്യക്ഷ നടപടിയിലേക്കാണ് ബീജിംഗ് കടക്കുന്നത്. എന്നാല്‍ തായ് വാന്‍ അമേരിക്കയുടെ സഹായത്താല്‍ സ്വതന്ത്ര ഭരണമെന്ന നിലപാടിലാണ് ഉറച്ചുനില്‍ക്കുന്നത്.