ദുബായ്: യു.എ.ഇയില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തില്‍ ബിസിനസ് തുടങ്ങാമെന്ന പുതിയ നിയമം പ്രാബല്യത്തിലായ ഇന്നലെ തന്നെ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ 100 ശതമാനം ഉടമസ്ഥാവകാശത്തില്‍ ബിസിനസ് തുടങ്ങി. ബിസിനസ് സെറ്റപ്പ് കമ്പനികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2020 ലാണ് പുതിയ നിക്ഷേപ നിയമത്തിന് അനുമതി നല്‍കിയത്. സ്വദേശിയായ പൗരന്റെ പങ്കാളിത്തമില്ലാതെ തന്നെ ബിസിനസ് തുടങ്ങാമെന്ന നയം യു.എ.ഇയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ നിയമ മാറ്റമാണ്.
സ്വതന്ത്ര മേഖലകള്‍ക്ക് പുറത്തെ ബിസിനസ് സംരംഭങ്ങളില്‍ 51 ശതമാനം ഓഹരി സ്വദേശിയുടെ പേരിലായിരിക്കണം എന്ന വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. ഏതൊക്കെ മേഖലകളിലാണ് 100 ശതമാനം ഉടമസ്ഥാവകാശം കിട്ടുക എന്നത് സംബന്ധിച്ച വിപുലമായ പട്ടിക സര്‍ക്കാര്‍ വകുപ്പുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.
നിലവിലുള്ള സംരംഭങ്ങളുടെ ഉടമാസ്ഥാവകാശത്തിലും മാറ്റങ്ങള്‍ വരുത്താന്‍ അവസരങ്ങളുണ്ട്. കോവിഡ് അനന്തര സാമ്പത്തിക ലോകത്ത് വിവിധ രാജ്യങ്ങളിലെ നിക്ഷേപകരെ വലിയ തോതില്‍ യു.എ.ഇയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.