വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം നൂറ് കവിഞ്ഞു. 28 കുട്ടികള്‍ അടക്കം 104 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 41 പേരെ കാണാനില്ലെന്ന് ടെക്സസ് മേയര്‍ വ്യക്തമാക്കി. ക്രിസ്റ്റ്യന്‍ സമ്മര്‍ ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളില്‍ 10 പേരും കൗണ്‍സലറും ഇനിയും കാണാമറയത്താണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 56 പ്രായപൂര്‍ത്തിയായവരും 28 കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.
കൂടാതെ സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാ സേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. 50 ലക്ഷം പേരാണ് പ്രളയ ഭീതിയില്‍ കഴിയുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസിലെത്തും. പ്രളയക്കെടുതി തടയാന്‍ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.