തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

കടലൂര്‍ ചെമ്മംകുപ്പത്ത് ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ആളില്ലാ ലെവല്‍ ക്രോസ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ചത്. രക്ഷാ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

തിരുച്ചെന്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന മയിലാടുതുറൈ പാസഞ്ചര്‍ ട്രെയിനാണ് സ്‌കൂള്‍ വാനില്‍ ഇടിച്ചത്. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാര്‍ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്ന് പോയതാണ് എന്നായിരുന്നു റെയില്‍വേ വൃത്തങ്ങളുടെ ആദ്യ പ്രതികരണം. പിന്നീട് വാന്‍ ഡ്രൈവറെ പഴിച്ചു കൊണ്ടാണ് റെയില്‍വേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

ട്രെയിന്‍ വരും മുന്‍പ് വാന്‍ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാന്‍ വൈകിയത് വാന്‍ ഡ്രൈവര്‍ നിര്‍ബന്ധിച്ചതിനാലാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.

അപകടത്തില്‍ ഖേദം അറിയിച്ച സതേണ്‍ റെയില്‍വേ അധികൃതര്‍, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും.

അപകടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.