ഹസന്‍ റഹിംപുര്‍ അസ്ഗാഡി, ആയത്തുള്ള അലി ഖൊമേനി.
ടെഹ്‌റാന്‍: തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിച്ചാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന ഭീഷണിയുമായി ഇറാന്‍.
'ഇറാന്റെ പരമോന്നത നേതാവിനെ വധിച്ചാല്‍ അത് ആഗോള തലത്തില്‍ പ്രധാന നേതാക്കളെ വധിക്കുന്ന ഒരു പരമ്പരയുടെ തുടക്കമാകും. അമേരിക്കയില്‍ പോലും അതുണ്ടാകും.
അമേരിക്കയെയും അഞ്ച് ഭൂഖണ്ഡങ്ങളിലുമുള്ള അവരുടെ സഖ്യ കക്ഷികളെയും ലക്ഷ്യമിട്ടുള്ള തിരിച്ചടികളായിരിക്കും പിന്നീടുണ്ടാകുക' - ഇറാന്‍ സുപ്രീം കള്‍ച്ചറല്‍ റവല്യൂഷന്‍ കൗണ്‍സില്‍ അംഗം ഹസന്‍ റഹിംപുര്‍ അസ്ഗാഡി പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിനിടെ ഖൊമേനിയെ വധിക്കാന്‍ സൈന്യം പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ദൗത്യം നടത്താനുള്ള അവസരം ലഭിച്ചില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വെളിപ്പെടുത്തിയിരുന്നു.
ഖൊമേനിയെ വേണമെങ്കില്‍ വധിക്കാമായിരുന്നുവെന്നും ഇപ്പോള്‍ തങ്ങള്‍ അതിന് മുതിരുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ഇറാന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ വന്നിട്ടുള്ളത്.
ജൂണ്‍ 13 നാണ് 'ഓപറേഷന്‍ റൈസിങ് ലയണ്‍' എന്ന പേരില്‍ ഇസ്രയേല്‍ ഇറാനുനേരെ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, മിലിറ്ററി ബേസുകള്‍, ഇന്റലിജന്‍സ് സൈറ്റുകള്‍ എന്നിവയില്‍ ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ നാശം വിതച്ചു. ഇതിനു മറുപടിയായി 'ഓപറേഷന്‍ ട്രൂ പ്രോമിസ് 3' എന്ന സൈനിക ദൗത്യത്തിലൂടെ ഇറാന്‍ തിരിച്ചടിച്ചിരുന്നു.
അതിനിടെ അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. പിന്നീട് പരസ്പര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടത്.