പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചില്‍ പുനരാരംഭിച്ചു. ഫയര്‍ഫോഴ്സ് സംഘത്തിന് പുറമേ 27 അംഗ എന്‍ഡിആര്‍എഫ് സംഘവും രക്ഷാദൗത്യത്തില്‍ പങ്കുചേരുന്നുണ്ട്. അപകടത്തില്‍ ഒഡീഷാ സ്വദേശി മഹാദേവ് മരിച്ചിരുന്നു. കണ്ടെത്താനുള്ളത് ബീഹാര്‍ സ്വദേശി അജയ് റാവുവിനെയാണ്.
രാവിലെ ഏഴോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. പാറകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ വലിയ പാറ കഷ്ണങ്ങള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. അതേസമയം ക്വാറിയുടെ പ്രവര്‍ത്തനം അനുമതിയില്ലാതെയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാത്രി രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയിലും പാറ കഷ്ണങ്ങള്‍ വീണിരുന്നു. ഇതോടെയാണ് രാത്രിയിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചത്.