കാലിഫോര്‍ണിയ: മൃഗശാലകളില്‍ മാത്രമാണ് പലരും ഭീമന്‍ കരടികളെ നേരിട്ടു കണ്ടിട്ടുള്ളത്. എന്നാല്‍ പെെട്ടന്നൊരു കരടി വീടിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതു കണ്ടാല്‍ ആരുമൊന്നു ഞെട്ടും. കരടിയുടെ പിടിയില്‍പെടാതിരിക്കാന്‍ ഓടിയൊളിക്കുകയും ചെയ്യും. എന്നാല്‍ കാലിഫോര്‍ണിയയിലെ ഹൈലി എന്ന പതിനേഴുകാരി തന്റെ നായ്ക്കളെ രക്ഷിക്കാന്‍ കരടിയെ നേരിടുന്ന കാഴ്ച്ച ആരെയും അമ്പരിപ്പിക്കും.
മതിലിനു മുകളില്‍നിന്നു വീട്ടിലേക്കു ചാടാനൊരുങ്ങുന്ന കരടിയെ ഹൈലി തള്ളിമാറ്റുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നാണ് സംഭവം. ഹൈലിയുടെ വീടിന്റെ പിന്നിലെ മതിലിലൂടെ നടന്നു വരികയായിരുന്നു അമ്മക്കരടിയും രണ്ട് കുഞ്ഞുങ്ങളും. കരടിയെ കണ്ട വീട്ടിലെ നാലു നായകള്‍ കുരച്ചുകൊണ്ട് അതിനടുത്തേക്ക് ചെന്നു. ഈ സമയത്ത് കുടുംബാംഗങ്ങളെല്ലാം മറ്റൊരു വശത്താണ് ഉണ്ടായിരുന്നത്.
നായ്ക്കളുടെ വരവ് കണ്ടതോടെ രണ്ട് കരടിക്കുഞ്ഞുകളും മതിലിന് മുകളിലൂടെ പിന്തിരിഞ്ഞ് ഓടി. എന്നാല്‍ അമ്മക്കരടി മതിലിനു മുകളില്‍നിന്ന് നായകളെ ആക്രമിക്കാന്‍ ശ്രമിച്ചു. നായകളുടെ കുരകേട്ട് ഹൈലി എത്തുമ്പോള്‍ കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കുകയായിരുന്നു. മറ്റൊന്നും നോക്കാതെ കരടിക്ക് അരികിലേക്കെത്തിയ പെണ്‍കുട്ടി അതിനെ പുറകോട്ടു പിടിച്ചുതള്ളി. അടിതെറ്റി കരടി പിന്നോട്ടു വീണതും ഹൈലി തന്റെ നായ്ക്കുട്ടിയെയും എടുത്തുകൊണ്ട് ഓടുകയായിരുന്നു.
കരടി കടന്നുവരുന്നതും പിന്നീട് നടന്ന സംഭവങ്ങളെല്ലാം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദ്യശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് കൗമാരക്കാരിയുടെ ധീരത അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്നത്.
വീടിന്റെ സമീപപ്രദേശങ്ങളില്‍ കരടികളെത്തുന്നത് ആദ്യമായിട്ടല്ലെങ്കിലും വീട്ടില്‍ ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത് ആദ്യമായാണെന്നു ഹൈലിയുടെ കുടുംബം പറയുന്നു. കരടിയും മറ്റു വന്യമൃഗങ്ങളും ഈ സ്ഥലത്ത് പതിവായി എത്താറുണ്ട്. സമീപ പ്രദേശങ്ങളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കരടികളെ കാണാറും ഉണ്ട്. അതേസമയം താന്‍ ചെയ്തത് പോലെ കരടിയെ പിടിച്ച് തള്ളാന്‍ ആരും ശ്രമിക്കരുതെന്നും അത് ചിലപ്പോള്‍ അപകടത്തിന് കാരണമാകുമെന്നും ഹൈലി പറയുന്നു.