വാഷിങ്ടണ്‍: കോവിഡ് ലോകമെമ്പാടും വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചതായും ആഗോള തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കിയതായും ഐക്യരാഷ്ട്ര സഭ. ജോലി സമയം കുറഞ്ഞതും മികച്ച നിലവാരമുള്ള ജോലികളിലേക്കുള്ള മാറാന്‍ കഴിയാതിരുന്നതും മൂലം 100 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ദാരിദ്ര്യത്തിലായതെന്നും യു.എന്നിന്റെ അന്താരാഷ്ട്ര തൊഴില്‍ സംഘടന തയാറാക്കിയ 164 പേജുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രതിസന്ധി വരുന്ന വര്‍ഷങ്ങളിലും സമ്പദ് ഘടനയെ കാര്യമായി സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു.
തൊഴില്‍ മേഖലയുടെ ശോഷണം എല്ലാ രാജ്യങ്ങളുടെയും ദേശീയ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കും സംരംഭങ്ങള്‍ക്കും ദീര്‍ഘകാലത്തേക്ക് ഇത് പ്രതിസന്ധിയുണ്ടാക്കും. സ്ത്രീകളും യുവാക്കളുമടക്കം അസംഘടിത മേഖലയിലെ രണ്ട് ബില്യണ്‍ ആളുകളാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നവരെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020-ല്‍, ആകെ ജോലി സമയത്തിന്റെ 8.8 ശതമാനം നഷ്ടപ്പെട്ടു. 255 ദശലക്ഷം ജോലിക്കാര്‍ ഒരു വര്‍ഷം ചെയ്യുന്ന ജോലി സമയമാണ് നഷ്ടമായത്.
കോവിഡ് ഇല്ലായിരുന്നെങ്കില്‍ 30 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ട വര്‍ഷമായിരുന്നു 2020. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ 2021-ന്റെ രണ്ടാം പകുതിയില്‍ ലോകം പഴയ നിലയിലേക്കുള്ള യാത്ര ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അത് പൂര്‍ണതയിലെത്താന്‍ സമയമെടുക്കും. തിരിച്ചുവരവോടെ ഈ വര്‍ഷം ആഗോളതലത്തില്‍ 100 ദശലക്ഷം തൊഴിലവസരങ്ങളും 2022-ല്‍ 80 ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. എന്നാല്‍ കോവിഡ് ഇല്ലാത്ത കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് വളരെ കുറവാണ്. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, യൂറോപ്പ്, മധ്യ ഏഷ്യ എന്നീ രാജ്യങ്ങളാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍.
പുതുതായി വന്ന പല ജോലികളും ഉല്‍പാദനക്ഷമത കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമാണ്. കോവിഡ് മൂലമുണ്ടായ നഷ്ടം നികത്താന്‍ ഈ തൊഴില്‍ വളര്‍ച്ച പര്യാപ്തമല്ലെന്ന് സംഘടന പ്രവചിക്കുന്നു. 2020-ന്റെ രണ്ടാം പാദത്തില്‍ ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിലെ 4,520 ബിസിനസുകളില്‍ നടത്തിയ സര്‍വേയില്‍ 80 ശതമാനം ചെറുകിട വ്യവസായങ്ങളും 70 ശതമാനം ചെറുകിട സ്ഥാപനങ്ങളും കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.
കോവിഡില്‍നിന്നുള്ള വീണ്ടെടുക്കല്‍ ഒരു ആരോഗ്യ പ്രശ്നം മാത്രമല്ലെന്നും സമ്പദ് വ്യവസ്ഥയ്ക്കും സാമൂഹികമായും ഉണ്ടായ ഗുരുതര പ്രത്യാഘാതങ്ങള്‍ മറികടക്കേണ്ടതുണ്ടെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഡയറക്ടര്‍ ഗൈ റൈഡര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്കും പിന്നോക്കാവസ്ഥയിലുള്ള സാമ്പത്തിക മേഖലകള്‍ക്കും പിന്തുണ വര്‍ധിപ്പിക്കുകയും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തില്ലെങ്കില്‍ മഹാമാരിയുടെ ദോഷഫലങ്ങള്‍ വര്‍ഷങ്ങളോളം നമ്മെ വേട്ടയാടും. ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രൂപത്തില്‍ അതു കാലങ്ങളോളം നിലനില്‍ക്കുമെന്നും റൈഡര്‍ പറഞ്ഞു.