ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനുള്ള ഇസ്ലാമിക ഭീകരരുടെ നീക്കം തകര്‍ത്തു; 12 പേര്‍ പിടിയില്‍

ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനുള്ള ഇസ്ലാമിക ഭീകരരുടെ നീക്കം തകര്‍ത്തു; 12 പേര്‍ പിടിയില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനുള്ള ഇസ്ലാമിക ഭീകരരുടെ നീക്കം തകര്‍ത്ത് പോലീസ്. രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള പാപ്പുവ പ്രവിശ്യയില്‍നിന്ന് 12 ഇസ്ലാമിക ഭീകരരെ പിടികൂടി. പാപ്പുവയില്‍ വളരെക്കാലമായി താമസിച്ചിരുന്ന ജാവ, സുലവേസി എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് അറസ്റ്റിലായവര്‍. ആദ്യം പിടിയിലായ 10 പേരില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ പിന്നീട് അറസ്റ്റ് ചെയ്തത്. എയര്‍ റൈഫിളുകള്‍, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, അമ്പുകള്‍, രാസവസ്തുക്കള്‍ എന്നിവ ഇവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തെക്കന്‍ പാപ്പുവയിലെ പല ജില്ലകളിലും പ്രാദേശിക പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഡെന്‍സസ് 88 ഉം ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയതെന്ന് മെറൂക്ക് ജില്ലാ പോലീസ് മേധാവി ഉതുങ് സംഗാജി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മെറൂക്ക്, ജാഗെബോബ്, കുരിക്, സെമാംഗ, തനാ മിറിംഗ് എന്നിവിടങ്ങളിലെ നിരവധി ക്രിസ്ത്യന്‍ പള്ളികളിലായി ചാവേര്‍ ബോംബാക്രമണം നടത്താനായിരുന്നു ഇസ്ലാമിക് ഭീകരരുടെ ലക്ഷ്യമെന്ന് സംഗാജി പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം കൂടുതലുള്ള പ്രദേശമാണ് മെറൂക്ക്.

എത്ര പള്ളികള്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് വ്യക്തമല്ലെങ്കിലും രാജ്യത്ത് ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഒഴിവായതെന്ന് പാപ്പുവ പോലീസ് മേധാവി മാത്യൂസ് ഡി ഫഖിരി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ജമാ അന്‍ഷറുത് ദൗല എന്ന ഭീകര സംഘടനയുമായി അറസ്റ്റിലായ ഭീകരര്‍ക്ക് ബന്ധമുണ്ടെന്ന് സംശയമുള്ളതായും മാത്യൂസ് ഫഖിരി പറഞ്ഞു. അറസ്റ്റിലായവരില്‍ പലര്‍ക്കും മാര്‍ച്ച് 28 ന് ദക്ഷിണ സുലവേസിയിലെ മകാസര്‍ റോമന്‍ കത്തോലിക്ക കത്തീഡ്രലിനു വെളിയില്‍ നടന്ന ചാവേര്‍ ബോംബാക്രമണവുമായി ബന്ധമുണ്ടെന്നും ഫഖിരി വ്യക്തമാക്കി.

ക്രിസ്ത്യന്‍ പള്ളികള്‍ക്കു പുറമേ പോലീസ് സ്റ്റേഷനുകള്‍ക്കും മെറൂക്കിലെ അതിരൂപത മെത്രാന്‍ പെട്രസ് കാനിസിയസ് മണ്ടാഗിക്കു നേരെയും ആക്രമണം നടത്താന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായി സൂചനകളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.