ബീജിങ്: ചൈനയില്‍ കുട്ടികളില്‍ കൊറോണവാക് എന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. മൂന്നിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് അനുമതി നല്‍കിയത്. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്‌സിനാണ് കൊറോണവാക്. അതേസമയം, വാക്‌സിന്‍ എന്നുമുതല്‍ നല്‍കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നു സിനോവാക് ചെയര്‍മാന്‍ യിന്‍ വീഡോംഗ് പറഞ്ഞു.
മൂന്നിനും 17-നും ഇടയില്‍ പ്രായമുള്ള നിരവധി പേര്‍ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന്റെ ഭാഗമായെന്നും കുട്ടികള്‍ക്കു വാക്‌സിന്‍ സുരക്ഷിതമാണെന്നു തെളിഞ്ഞതായും വീഡോംഗ് അറിയിച്ചു.
ചൈനയുടെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനായ കൊറോണവാകിന് ജൂണ്‍ ഒന്നിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. ആദ്യം, ചൈനയുടെ സിനോഫാര്‍മിനാണ് ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിച്ചത്.
ചൈനയില്‍ നല്‍കുന്നതിനു പുറമെ വിവിധ രാജ്യങ്ങളിലേക്കും ഈ വാക്‌സിനുകള്‍ കയറ്റി അയക്കുന്നുണ്ട്. ഇതുവരെ ചൈനയിലുടനീളം 763 ദശലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു.