സിഡ്‌നി: അഞ്ച് ദിവസത്തോളം തുടര്‍ന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലോകത്തെ ഏറ്റവും വലിയ മാംസ വിതരണ കമ്പനിയായ ജെ.ബി.എസ്. ഫുഡ്‌സ്, മോചനദ്രവ്യമായി നല്‍കിയത് ഒരു കോടി 42 ലക്ഷം യു.എസ് ഡോളറിന് (1,03,76,98,370 ഇന്ത്യന്‍ രൂപ) തുല്യമായ തുക. ബിറ്റ്‌കോയിനായാണ് കമ്പനി സൈബര്‍ ക്രിമിനല്‍ സംഘത്തിന് മോചനദ്രവ്യം നല്‍കിയത്.
ഒന്നരലക്ഷത്തിലധികം ജീവനക്കാരുള്ള ബ്രസീല്‍ കമ്പനിയായ ജെ.ബി.എസിന്റെ ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനമാണ് സൈബര്‍ ആക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവച്ചത്. സെര്‍വറുകളെ ആക്രമണം ബാധിച്ചതോടെ ഉല്‍പാദനം സ്തംഭിച്ചു. പാക്കേജിങ്, ബില്ലിങ് ഉള്‍പ്പെടെ ജെ.ബി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍കൃതമാണ്. ഇവ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിലാണു വൈറസ് കടന്നുകൂടിയത്.
ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളൊന്നും പുറത്താകില്ലെന്ന് ഉറപ്പുവരുത്താനുമാണ് പണം നല്‍കിയതെന്ന് കമ്പനി അറിയിച്ചു. മോചനദ്രവ്യം നല്‍കാനുള്ള തീരുമാനം കമ്പനിക്കും വ്യക്തിപരമായി തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി ജെ.ബി.എസിന്റെ യു.എസ്.എ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രെ നൊഗ്വീര പറഞ്ഞു. ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് അപകടസാധ്യത ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ.ബി.എസിന്റെ സെര്‍വറുകള്‍ക്കു നേരേ സൈബര്‍ ആക്രമണം നടത്തിയത്, ലോകത്തെ ഏറ്റവും വിദഗ്ധരായ സൈബര്‍ ക്രിമിനലുകളുടെ സംഘങ്ങളിലൊന്നാണെന്നു കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയില്‍നിന്നുള്ള ഹാക്കര്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും ഇവര്‍ പണം ആവശ്യപ്പെട്ടിരുന്നെന്നും കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കമ്പനിയുടെ പ്രഖ്യാപനം തന്നെ അതിശയപ്പെടുത്തിയതായി മാര്‍ക്കറ്റ് അനലിസ്റ്റ് മാറ്റ് ഡാല്‍ഗ്ലീഷ് പറഞ്ഞു. മോചനദ്രവ്യം നല്‍കുന്നത് അപകടകരമായ മാതൃക സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിപ്റ്റോകറന്‍സി വര്‍ധിച്ചതാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം പതിവായി സംഭവിക്കുന്നതിന്റെ കാരണം. മുന്‍കാലങ്ങളില്‍, പണമായിട്ടായാലും അക്കൗണ്ടിലായാലും തുക കൈമാറുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഉറവിടം കണ്ടെത്താനാകാത്ത ക്രിപ്റ്റോ കറന്‍സികള്‍ വര്‍ധിച്ചതോടെ സൈബര്‍ ആക്രമണം വര്‍ധിച്ചു.
സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ 2020 ല്‍ 10 കമ്പനികള്‍ മൂന്നു ലക്ഷം യുഎസ് ഡോളര്‍ മുതല്‍ 10 ദശലക്ഷം യുഎസ് ഡോളര്‍ വരെ നല്‍കിയതായി യു.എസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അഞ്ച് ദിവസം കമ്പനി സ്തതംഭിച്ചതോടെ ഓസ്ട്രേലിയയിലും യു.എസിലും മാംസ വിതരണത്തില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. യു.എസിലെ മൊത്തം കന്നുകാലി, പന്നി മാംസത്തിന്റെ നാലിലൊന്ന് നിയന്ത്രിക്കുന്നത് ജെ.ബി.എസ് കമ്പനിയാണ്. പ്രതിസന്ധിയെതുടര്‍ന്ന് കമ്പനിയുടെ ചില പ്ലാന്റുകളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും കര്‍ഷകരില്‍നിന്നു കന്നുകാലികളെ വാങ്ങുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തു.
പ്രതിവര്‍ഷം 200 ദശലക്ഷം ഡോളറിലധികം കമ്പനി സാങ്കേതിക സുരക്ഷയ്ക്കായി ചെലവഴിക്കുന്നുണ്ടെന്നും ആഗോളതലത്തില്‍ 850-ല്‍ അധികം ഐടി പ്രൊഫഷണലുകള്‍ ഇതിനു വേണ്ടി ജോലി ചെയ്യുന്നുണ്ടെന്നും ജെ.ബി.എസ് അധികൃതര്‍ പറഞ്ഞു.