ചൈനയിലെ രഹസ്യതടങ്കല്‍പാളയങ്ങള്‍; ഇന്ത്യന്‍ വംശജ മേഘ രാജഗോപാലന് പുലിറ്റ്സര്‍ പുരസ്‌കാരം

ചൈനയിലെ രഹസ്യതടങ്കല്‍പാളയങ്ങള്‍; ഇന്ത്യന്‍ വംശജ മേഘ രാജഗോപാലന് പുലിറ്റ്സര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക്: ഉയിഗര്‍ വംശജര്‍ക്കായുള്ള ചൈനയിലെ രഹസ്യ തടങ്കല്‍പാളയങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറംലോകത്തെ അറിയിച്ച ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലന് മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്സര്‍ പുരസ്‌കാരം. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗര്‍ വംശജര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന കൂറ്റന്‍ തടങ്കല്‍പാളയങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിനാണ് യു.എസില്‍ മാധ്യമപ്രവര്‍ത്തകയായ മേഘയ്ക്ക് രാജ്യാന്തര പുരസ്‌കാരം ലഭിച്ചത്. ബസ്ഫീഡ് ന്യൂസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മേഘയ്ക്കൊപ്പം മറ്റു രണ്ട് മാധ്യമപ്രവര്‍ത്തകരും പുരസ്‌കാരം പങ്കിടും.

വെള്ളിയാഴ്ചയാണ് യുഎസിലെ ഏറ്റവും വലിയ മാധ്യമ പുരസ്‌കാരങ്ങളായ പുലിറ്റ്സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ് വിഭാഗത്തിലും ഷിന്‍ജിയാങ് വിഷയത്തിലുള്ള മേഘ രാജഗോപാലന്റെ പരമ്പരയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.

മികച്ച പ്രാദേശിക റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ടാംപാ ബേ ടൈംസിലെ നീല്‍ ബേദിക്ക് ലഭിച്ചു. ഭാവിയില്‍ കുറ്റവാളികളാകാന്‍ സാധ്യതയുളളവരെ കണ്ടെത്തി നിരീക്ഷിക്കുന്നതിനായി പോലീസ് തയ്യാറാക്കിയ കംപ്യൂട്ടര്‍ മോഡലിങ് സംവിധാനത്തെപ്പറ്റിയായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്. കുട്ടികളടക്കം ആയിരത്തോളം പേരെ ഇത്തരത്തില്‍ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

2017ലാണ് ഷിന്‍ജിയാങിലെ ഉയിഗര്‍ വംശജരെ വിഭാഗത്തെ ലക്ഷ്യമിട്ട് ചൈന തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. ഇതിനു ശേഷം ഇവിടം ആദ്യമായി സന്ദര്‍ശിച്ച അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകയായിരുന്നു മേഘ രാജഗോപാലന്‍. ഇത്തരത്തില്‍ കൂറ്റന്‍ ജയിലുകള്‍ ഉണ്ടാക്കുന്നില്ലെന്ന് ചൈന അക്കാലത്തു തുടര്‍ച്ചയായി നിഷേധിച്ചിരുന്നു. ഇക്കാര്യത്തിലുള്ള അന്വേഷണത്തിനായി എത്തിയ മേഘയെ സര്‍ക്കാര്‍ തടയുകയും വിസ റദ്ദാക്കി ചൈനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായും ബസ്ഫീഡ് വ്യക്തമാക്കി.

സാധാരണഗതിയില്‍ മാധ്യമപ്രവര്‍ത്തകരെയോ പാശ്ചാത്യലോകത്തു നിന്നെത്തുന്ന വിദേശികളെയോ കടത്തി വിടാത്ത മേഖലയില്‍ എത്തിയാണ് മേഘ റിപ്പോര്‍ട്ടിങ് നടത്തിയിരുന്നതെന്നും ശ്രദ്ധേയമാണ്. സാറ്റലൈറ്റ് ഇമേജിങ് വിദഗ്ധനായ അലിസണ്‍ കില്ലിങ്, ഡേറ്റ ജേണലിസ്റ്റുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിക്കുന്ന ക്രിസ്റ്റോ ബുച്ചക് എന്നിവരുമായി ചേര്‍ന്നായിരുന്നു മേഘ രാജഗോപാലന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.