ലാഹോര്‍: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍. വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുന്നവരുടെ എണ്ണം വളരെ കുറഞ്ഞതാണ് പുതിയ ശിക്ഷാ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രവിശ്യ കൂടിയാണ് ലാഹോര്‍ നഗരം ഉള്‍പ്പെടുന്ന പഞ്ചാബ് പ്രവിശ്യാ. നേരത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജൂലൈ മാസം മുതല്‍ ശമ്പളം തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
തുടക്കത്തില്‍ ഇതൊരു നിര്‍ദ്ദേശം മാത്രമായിരുന്നുവെങ്കിലും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മടിക്കുന്ന സാഹചര്യത്തില്‍ ഇത് നടപ്പാക്കാന്‍ നിര്‍ബന്ധിതമായെന്നാണ് പഞ്ചാബ് പ്രവിശ്യാ പ്രാഥമിക ആരോഗ്യ വകുപ്പ് വക്താവ് അഹമ്മദ് റാസ പറയുന്നത്. സ്റ്റേറ്റ് ടെലികോം ഏജന്‍സിയുമായി ചേര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.