ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം:ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപ

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം:ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപ

സോള്‍: ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി ഭരണാധികാരി കിം ജോങ് ഉന്‍. കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉത്പാദനം അമ്പേ തകിടം മറിഞ്ഞെന്നും അദേഹം പറഞ്ഞു.

രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. രാജ്യത്തെ ഭരണ കക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ അറിയിച്ചു.

രാജ്യ തലസ്ഥാനമായ പ്യാങ്യാങ്ങില്‍ അവശ്യഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ് (ഏകദേശം 3,335 രൂപ). ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളറും (5,190 രൂപയോളം) ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളറും (7,414 രൂപയോളം) ആണ് വില.

ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ കിം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. അതേ സമയം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ ഉത്തര കൊറിയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ മറികടക്കുമെന്നതിന് വ്യക്തതയില്ല. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്.

ഇതുവരെ ഒരു കോവിഡ് കേസും ഉത്തര കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തികള്‍ അടയ്ക്കല്‍, ആഭ്യന്തര വിമാന യാത്രാവിലക്ക് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉത്തരകൊറിയയിലുണ്ട്.

രാജ്യത്ത് ഉല്‍പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെ ആണ് ഉത്തര കൊറിയ ആശ്രയിക്കാറുള്ളത്. മറ്റുള്ള രാജ്യങ്ങളുമായി ഉത്തര കൊറിയയ്ക്ക് കാര്യമായ ബന്ധങ്ങളൊന്നുമില്ല. ചൈനയുമായുള്ള വ്യാപാര ബന്ധം അടുത്തിടെ മന്ദഗതിയിലുമാണ്. 1990 കളില്‍ ഉത്തര കൊറിയയിലുണ്ടായ ഭക്ഷ്യ ക്ഷാമത്തില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.