ആറു തലമുറകളുടെ മുത്തശ്ശി; 90 പേരക്കുട്ടികള്‍; നിറചിരിയോടെ മേരിയുടെ ജീവിതം

ആറു തലമുറകളുടെ മുത്തശ്ശി; 90 പേരക്കുട്ടികള്‍; നിറചിരിയോടെ മേരിയുടെ ജീവിതം


എഡിന്‍ബര്‍ഗ്: ആറു തലമുറകളുടെ മുത്തശ്ശി; 90 പേരക്കുട്ടികള്‍. വാര്‍ധ്യകത്തില്‍ ജീവിതം മനോഹരമായി ആസ്വദിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സ്വദേശി 86 വയസുകാരി മേരി മാര്‍ഷല്‍. ദൈവം തന്ന എട്ടു പെണ്‍മക്കളെ ഒരു മടിയും കൂടാതെ സ്വീകരിച്ച് അവരെ പോറ്റിവളര്‍ത്തിയ മേരി ഇന്ന് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കുടുംബത്തിലെ ആറാം തലമുറയിലെ ആദ്യ കുഞ്ഞ് ജനിച്ചതോടെയാണ് മേരി താരമായത്.

ഒരേ സമയം ആറ് തലമുറകള്‍ ജീവിച്ചിരിക്കുന്ന യു.കെയിലെ ഏക കുടുംബം പ്രശസ്തിയിലേക്കുയര്‍ന്നത് ഏറ്റവും പ്രായമേറിയ അംഗമായ മേരിയിലൂടെയാണ്. മൂന്നാഴ്ച മുന്‍പ് ജനിച്ച നൈല ഫെര്‍ഗൂസണ്‍ ആണ് കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. എല്ലാ മക്കളും പേരക്കുട്ടികളും എഡിന്‍ബര്‍ഗില്‍തന്നെയാണു താമസം. മേരിയുടെ മൂത്ത മകള്‍ റോസിന് പ്രായം 68 വയസാണ്. നാലു മക്കളാണ് റോസിനുള്ളത്. അതില്‍ 50 വയസുള്ള മൂത്ത മകള്‍ ചൈറല്‍ ബോര്‍ത്ത്വിക്ക് മൂന്നു മക്കളുണ്ട്. ഇങ്ങനെ ആറു തലമുറകളായി വ്യാപിച്ചുകിടക്കുകയാണ് മേരിയുടെ കുടുംബം.

നൈല ഫെര്‍ഗൂസന്റെ ജനനത്തോടെ മേരി ഔദ്യോഗികമായി സ്‌കോട്ട്‌ലന്‍ഡിലെ ഏക മുതു മുതു മുത്തശ്ശിയായി. മേയ് 25-നാണ് ഈ ബഹുമതി ലഭിച്ചത്.

താന്‍ ഭാഗ്യവതിയാണെന്നും ഇത്രയും വലിയ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മേരി പറഞ്ഞു.
പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ മേരിയെ അലട്ടുന്നില്ല. കാരണം ആരെങ്കിലും എപ്പോഴും പരിപാലിക്കാന്‍ ഉണ്ടാകും. എല്ലാവരും അടുത്തടുത്ത് താമസിക്കുന്നതിനാല്‍ എപ്പോഴും പരസ്പരം കാണും. ഞങ്ങളുടെ കുടുംബസംഗമങ്ങള്‍ ബഹളവും പൊട്ടിച്ചിരികളും നിറഞ്ഞതാണെന്നു മേരിയുടെ മൂത്ത മകള്‍ റോസ് പറഞ്ഞു.

ഒരേ സമയം ആറ് തലമുറകള്‍ ജീവിച്ചിരിക്കുന്ന സ്‌കോട്ട്ലന്‍ഡിലെ ഏക കുടുംബം മേരിയുടേതാണെന്നു കരുതപ്പെടുന്നു. ഗിന്നസ് ലോക റെക്കോര്‍ഡ് ഒരു കുടുംബത്തില്‍ ഒരേ സമയം ജീവിച്ചിരുന്ന ഏഴു തലമുറകളുടെ പേരിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.