ബാങ്കോക്ക്: വിശന്നാല്‍ കണ്ണു കാണില്ലെന്നു പറയുന്നത് മനുഷ്യര്‍ക്കു മാത്രമല്ല ആനയ്ക്കും ബാധകമാണ്. തായ്‌ലന്‍ഡില്‍ വിശന്നുവലഞ്ഞ ആന വീടിന്റെ അടുക്കള മതില്‍ പൊളിച്ചാണ് അരി എടുത്തു കഴിച്ചത്. തെക്കന്‍ തായ്ലന്‍ഡിലെ ഹുവ ഹിന്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ വീട്ടില്‍ പുലര്‍ച്ചെ രണ്ടു മണിക്കാണു സംഭവമെന്നു ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുക്കളയുടെ ചുമരിടിച്ച് തകര്‍ത്ത ആന കവറില്‍ സൂക്ഷിച്ചിരുന്ന അരി കഴിച്ച് മടങ്ങുകയായിരുന്നു. തങ്ങളുടെ അടുക്കളയില്‍ എത്തിയ ആനയുടെ വീഡിയോ കുടുംബം പുറത്തുവിട്ടതോടെ സാമൂഹ മാധ്യമങ്ങളില്‍ ആന വൈറലായി.
ഗ്രാമത്തിന് സമീപമുള്ള കെയ്ങ് ക്രാച്ചന്‍ നാഷണല്‍ പാര്‍ക്കിലെ ബൂഞ്ചുവേ എന്ന ആനയാണ് രച്ചധവന്‍ എന്നയാളുടെ വീടിന്റെ അടുക്കളതകര്‍ത്തത്. ഗ്രാമത്തിലെ പതിവു സന്ദര്‍ശകനാണ് ആന. പ്രാദേശിക ചന്തയുള്ള ദിവസങ്ങളിലാണ് ആന മണം പിടിച്ച് എത്തുന്നത്. വനപ്രദേശത്തിനു സമീപമുള്ള ഗ്രാമമായതിനാല്‍ ജനങ്ങള്‍ക്ക് വന്യമൃഗങ്ങളുടെ ശല്യം പതിവു സംഭവമാണ്.
തകര്‍ന്ന ചുമരിലൂടെ തലയും തുമ്പിക്കൈയും അടുക്കളയിലേക്കിട്ട് താഴെയുള്ള കബോര്‍ഡില്‍നിന്ന് അരി എടുത്തുകഴിക്കുന്നതാണ് വീഡിയോയിലുള്ളത്.
ബൂഞ്ചുവേ പ്രദേശത്ത് സ്ഥിരം ശല്യക്കാരനാണെന്നും രണ്ട് മാസം മുമ്പും വീടിന് സമീപത്തും എത്തിയിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ അന്ന് നഷ്ടങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല.
വീടിന്റെ ചുമര് ശരിയാക്കാന്‍ ഒരു ലക്ഷത്തിലധികം രൂപ ചെലവാകും. എന്നാല്‍ ആനയുടെ ആക്രമണം വീണ്ടും ഉണ്ടാകുമോയെന്ന ഭയത്തിലാണ് വീട്ടുകാര്‍. അടുക്കളയില്‍ ഭക്ഷണം സൂക്ഷിക്കരുതെന്നും അത് മൃഗങ്ങളെ ആകര്‍ഷിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.