രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കാനഡയിലെത്തുന്നവരെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി; ഇളവ് ജൂലൈ അഞ്ചു മുതല്‍

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കാനഡയിലെത്തുന്നവരെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി; ഇളവ് ജൂലൈ അഞ്ചു മുതല്‍

ഒട്ടാവ: കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ശേഷം ജൂലൈയില്‍ കാനഡയിലേക്ക് എത്തുന്ന പൗരന്മാരെ രണ്ടാഴ്ചത്തെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി. ജൂലൈ അഞ്ചു മുതല്‍ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കും. കാനഡയിലേക്കെത്തുന്നവര്‍ രാജ്യം അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. ഒപ്പം 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നല്‍കണം. കനേഡിയന്‍ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും മാത്രമാണീ ഇളവ്. കാനഡയില്‍ എത്തുന്നതിന് പതിനാലു ദിവസം മുന്‍പ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. അതേസമയം, യു.എസ് അടക്കമുള്ള വിദേശ യാത്രക്കാര്‍ക്ക് ഈ ഇളവ് ഉണ്ടായിരിക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു.

കാനഡയും ഇന്ത്യയും തമ്മിലുള്ള വിമാനയാത്രാ വിലക്ക് ജൂലൈ 21 വരെ നിലനില്‍ക്കും. എന്നാല്‍ പാകിസ്ഥാനുമായുള്ള വിമാനയാത്രാ വിലക്ക് നീക്കുമെന്നും ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതും ഡെല്‍റ്റ വകഭേദം കണ്ടെത്തിയതും കാരണമാണ് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കേണ്ട കനേഡിയന്‍ പൗരന്‍മാര്‍ വാക്സിന്‍ എടുത്തതുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കേണ്ടതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം വാക്സിന്‍ എടുത്ത മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്ന കുട്ടികളെ വീട്ടില്‍ ക്വാറന്റീനില്‍ ഇരുത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കാനഡയും യുഎസും തമ്മിലുള്ള അതിര്‍ത്തികളും അടച്ചിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ 2020 മാര്‍ച്ച് മുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് ആരംഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.