ജെഫേര്‍സണ്‍ സിറ്റി: എത്ര സുന്ദരനും സുന്ദരിയും ആണെങ്കിലും വൃത്തിയായി നടന്നില്ലെങ്കില്‍ കാണുന്നവര്‍ വഴിമാറി നടക്കും. ശരീരം മുഴുവന്‍ ജഡ പിടിച്ച രോമങ്ങളുമായി ആകെ ദുരിതത്തിലായ നായയെ വൃത്തിയാക്കി സുന്ദരക്കുട്ടപ്പനാക്കിയെടുത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കൃത്യമായ പരിചരണം ലഭിക്കാതെ രോമം വളര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു സൈമണ്‍ എന്ന നായ. അമേരിക്കന്‍ സംസ്ഥാനമായ മിസോറിയിലെ കന്‍സാസ് സിറ്റിയിലെ ഷെല്‍റ്റര്‍ ഹോമിലെത്തിച്ചപ്പോള്‍ നായയുടെ ജീവന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. ഒന്‍പതു കിലോയുള്ള നായയുടെ ദേഹത്തുനിന്നും മൂന്ന് കിലോയോളം രോമമാണ് നീക്കം ചെയ്തത്.
കെ.സി പെറ്റ് പ്രൊജക്ട് എന്ന നായകളെ സംരക്ഷിക്കുന്ന ഷെല്‍റ്റര്‍ ഹോമിലെ ജീവനക്കാരാണ് കൃത്യമായ പരിചരണം നല്‍കി സൈമണെ രക്ഷപ്പെടുത്തിയത്. രോമം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
ഷിഹ്സു ഇനത്തില്‍പ്പെട്ട തവിട്ടു നിറത്തിലുള്ള നായക്ക് ഷെല്‍റ്റര്‍ ഹോമിലെ ജീവനക്കാരാണ് സൈമണ്‍ എന്ന പേരു നല്‍കിയത്. 11 വയസുള്ള സൈമണ്‍ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു. നായ തങ്ങളുടെ അടുത്ത് എത്തുമ്പോള്‍ ശരീരം മൂടി രോമങ്ങളുമായി ഭീകരമായ രൂപത്തിലായിരുന്നുവെന്നും മൂന്ന് മണിക്കൂറെടുത്താണ് രോമം നീക്കം ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. നായയെ രക്ഷിച്ച ഷെല്‍റ്റര്‍ ഹോമിലെ ജീവനക്കാരെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.
രോമം നീക്കം ചെയ്തത് ഏറെ കഷ്ടപ്പെട്ടാണെന്നും ഇത് കഴിയുമ്പോള്‍ നായയുടെ ത്വക്ക് ഏതവസ്ഥയിലാകും എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നുവെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഭയപ്പെട്ടത് പോലെ ആശങ്കയും ആരോഗ്യ പ്രശ്നങ്ങളും സൈമണ് ഉണ്ടായിരുന്നില്ല. സൈമണിന്റെ ചികിത്സ പുരോഗമിക്കുകയാണ്. നായക്ക് ഉടന്‍ ദന്ത ശസ്ത്രക്രിയ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.