അമേരിക്കയില്‍ 12 നില കെട്ടിടം ഇടിഞ്ഞുവീണ് വന്‍ അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്കു പരുക്ക്

അമേരിക്കയില്‍ 12 നില കെട്ടിടം ഇടിഞ്ഞുവീണ് വന്‍ അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്കു പരുക്ക്

മയാമി: അമേരിക്കയില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണ് വന്‍ അപകടം. ഫ്‌ളോറിഡയിലെ മയാമിക്കു സമീപം വ്യാഴാഴ്ച്ച പുലര്‍ച്ചെ 12 നില കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. മയാമി ബീച്ചിന്റെ ആറു കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന കടലോര പട്ടണമായ സര്‍ഫ്‌സൈഡിലെ 12 നില കെട്ടിടമാണു നിലം പൊത്തിയതെന്നു മയാമി പോലീസ് അറിയിച്ചു.

നിരവധി ആളുകള്‍ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴാനുള്ള കാരണം വ്യക്തമല്ല. 80 യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. 51 പേരെ ഇനിയും കണ്ടെത്താനുണ്ട്.



പുലര്‍ച്ചെ ഒന്നരയോടെയാണ് വലിയ ശബ്ദദത്തോടെ കെട്ടിടം ഒറ്റയടിക്ക് ഭാഗികമായി ഇടിഞ്ഞുവീണത്. 35 പേരെ കെട്ടിട അവശിഷ്ടങ്ങളില്‍നിന്നു രക്ഷപ്പെടുത്തി. 10 പേര്‍ക്ക് സംഭവ സ്ഥലത്തുവച്ചു പ്രാഥമിക ചികിത്സ നല്‍കി. രണ്ടു പേരെ ആശുപത്രിയിലേക്കു മാറ്റി.


40 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തതിനു തുല്യമാണ് സിസിടിവി ദൃശ്യങ്ങളെന്നു മയാമി ബീച്ച് പോലീസ് പറഞ്ഞു. കെട്ടിടം ഇടിഞ്ഞുവീണതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. കെട്ടിടത്തിന്റെ ഉള്ളില്‍നിന്ന് ഇപ്പോഴും ആളുകളുടെ കരച്ചില്‍ പുറത്തേക്കുവരുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കു പുറമേ ഡ്രോണുകള്‍, പരിശീലനം ലഭിച്ച പോലീസ് നായ്ക്കള്‍ എന്നിവ ഉള്‍പ്പെടെയാണ് തെരച്ചില്‍ നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.