സിഡ്‌നി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനെതിരേ മുന്നറിയിപ്പുമായി ലോകത്തെ സെന്‍ട്രല്‍ ബാങ്കുകളുടെ സംഘടനയായ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് (ബി.ഐ.എസ്). ബിറ്റ്‌കോയിന്‍ പണമല്ലെന്നും ഊഹക്കച്ചവടത്തിനും ക്രിമിനല്‍ സംഘങ്ങള്‍ക്കു കള്ളപ്പണം വെളുപ്പിക്കാനും സൈബര്‍ ആക്രമണങ്ങള്‍ നടത്താനുമാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്നും ബി.ഐ.എസ് പറയുന്നു. ക്രിപ്റ്റോ കറന്‍സികളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഡിജിറ്റല്‍ കറന്‍സികള്‍ സ്വന്തം നിലയില്‍ വികസിപ്പിച്ചെടുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ (ആര്‍.ബി.എ) അടക്കമുള്ള കേന്ദ്ര ബാങ്കുകളോട് ബി.ഐ.എസ് ആവശ്യപ്പെട്ടു.
ക്രിപ്‌റ്റോഗ്രഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സാങ്കല്‍പിക കറന്‍സികള്‍ അല്ലെങ്കില്‍ നാണയങ്ങളാണ് ക്രിപ്‌റ്റോ കറന്‍സി. അതി സങ്കീര്‍ണമായ പ്രോഗ്രാമുകളിലൂടെയാണ് ക്രിപ്‌റ്റോകറന്‍സി നിര്‍മിക്കുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളും ബാങ്കുകളും ക്രിപ്റ്റോകറന്‍സികള്‍ക്ക് എതിരാണ്. ക്രിപ്റ്റോ കറന്‍സികളെ ഒരു രാജ്യത്തെയും സര്‍ക്കാരോ കേന്ദ്ര ബാങ്കുകളോ നിയമപരമായ ഇടപാടിനായി അംഗീകരിച്ചിട്ടില്ല. ഇവയെ നിയന്ത്രിക്കാന്‍ കേന്ദ്രീകൃത അതോറിറ്റികളൊന്നും നിലവിലില്ല.
അതേസമയം, ക്രിപ്‌റ്റോകറന്‍സികളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി ലോക സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായാണ് ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവയ്ക്കുന്ന റിപ്പോര്‍ട്ടും അവര്‍ പുറത്തുവിട്ടു. ധനകാര്യ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ ബി.ഐ.എസ് ഓര്‍മിപ്പിക്കുന്നു.
ലോക രാജ്യങ്ങള്‍ 'സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍' (സി.ബി.ഡി.സി) അവതരിപ്പിക്കുന്നതിനെ ബി.ഐ.എസിന്റെ പുതിയ റിപ്പോര്‍ട്ട് പ്രോത്സാഹിപ്പിക്കുന്നു. ഔദ്യോഗിക കറന്‍സിയുടെ നിയമപ്രകാരമുള്ള ഡിജിറ്റല്‍ രൂപമാണു സി.ബി.ഡി.സി. പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ പരമ്പരാഗത പണമിടപാടുകളുടെ പ്രയോജനങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സി.ബി.ഡി.സി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
അതേസമയം, കറന്‍സിയുടെ ബദല്‍ രൂപങ്ങളോടുള്ള താല്‍പര്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ കറന്‍സികള്‍ വൈകരുതെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ പണം എന്നതിലുപരി ഊഹക്കച്ചവട ആസ്തികളാണെന്ന് വ്യക്തമായിരിക്കുകയാണ്. നിരവധി കേസുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ ആക്രമണങ്ങള്‍, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ സുഗമമാക്കുന്നതിനാണ് ഇവ ഉപയോഗിച്ചിട്ടുള്ളത്.
ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ നിര്‍മിക്കാന്‍ പാഴാക്കുന്ന ഊര്‍ജം പരിഗണിക്കുമ്പോള്‍ ഇത് പൊതു താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണാം. ബിറ്റ്കോയിന്‍ നിര്‍മിക്കുന്ന മൈനിങ് എന്ന പ്രക്രിയയ്ക്കായി ചെലവാകുന്ന ഭീമമായ വൈദ്യുതിയും അതുമൂലം പ്രകൃതിയിലേക്കു തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവും ബിറ്റ്കോയിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു. കമ്പ്യൂട്ടറുകളില്‍ അതിസങ്കീര്‍ണമായ ഗണിതപ്രശ്നങ്ങള്‍ പരിഹരിച്ചാണ് ഓരോ ബിറ്റ്കോയിനും നിര്‍മിക്കുന്നത്.
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സി.ബി.ഡി.സി) സാധ്യതകള്‍ തേടി റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ രാജ്യത്തെ
കോമണ്‍വെല്‍ത്ത് ബാങ്ക്, നാഷണല്‍ ഓസ്ട്രേലിയ ബാങ്ക്, പെര്‍പെച്വല്‍ ആന്‍ഡ് കണ്‍സെന്‍സിസ് സോഫ്റ്റ് വെയര്‍ (ബ്ലോക്ക്ചെയിന്‍ ടെക്‌നോളജി കമ്പനി) എന്നിവയുമായി നവംബറില്‍ പങ്കാളിത്ത പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആര്‍.ബി.എയും ബാങ്കുകളും തമ്മിലുള്ള വായ്പ, ധനസഹായം, തിരിച്ചടവ് എന്നിവയ്ക്കായി ഡിജിറ്റല്‍ കറന്‍സികള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിച്ചുവരികയാണ്. ആഴ്ചകള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.