ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ കത്തോലിക്കാ വിശ്വാസികളായ കുട്ടികളെ മതവിശ്വാസികളായതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായി പരാതികള്‍ ഉയരുന്നു. പരമ്പരാഗതമായി കത്തോലിക്ക വിശ്വാസവും ആചാരങ്ങളും പിന്തുടരുകയും പതിവായി പള്ളിയില്‍ പോകുകയും ചെയ്യുന്ന കുട്ടികളെ മാനസികമായി തളര്‍ത്തുന്ന ഒരു സംസ്‌കാരം സ്‌കൂളുകളില്‍ കുട്ടികള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ പിന്തുടരുന്നത് പഴയ രീതികളാണെന്നും അവര്‍ മുഖ്യധാരാ സംസ്‌കാരത്തിനു പുറത്താണെന്നുമൊക്കെയുള്ള ആക്ഷേപങ്ങള്‍ നേരിടുന്നതായി അയര്‍ലന്‍ഡിലുടനീളമുള്ള സ്‌കൂളുകളിലെ മത അധ്യാപകര്‍ ആശങ്ക പങ്കുവയ്ക്കുന്നു.
അയര്‍ലന്‍ഡിലെ ഭൂരിപക്ഷം സ്‌കൂളുകളും കത്തോലിക്കാ സഭയുടെ നേതൃത്വത്തിലാണ്. 2016-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 80 ശതമാനത്തോളം പേര്‍ കത്തോലിക്ക വിശ്വാസികളാണെന്നു വിശേഷിപ്പിക്കുമ്പോഴും, കൂടുതല്‍ പേരും മതവിശ്വാസങ്ങള്‍ പിന്തുടരാതെയാണു ജീവിക്കുന്നത്. യഥാര്‍ഥ വിശ്വാസത്തിലുപരി ഐറിഷ് സംസ്‌കാരത്തിന്റെ ഭാഗമായി മാത്രം പള്ളികളില്‍ പോകുന്നവരാണ് അധികവും.
സ്‌കൂളുകളില്‍ ഒരു മതവിശ്വാസവും പിന്തുടരാത്ത വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മാനസിക പീഡനം നേരിടുന്നത് കത്തോലിക്ക വിദ്യാര്‍ഥികളാണു പ്രൊഫസര്‍ ജെയിംസ് ഓ ഹിഗ്ഗിന്‍സ് നോര്‍മന്‍ പറഞ്ഞു
ഡബ്ലിന്‍ സിറ്റി സര്‍വകലാശാലയുടെ ആന്റി ബുള്ളിയിംഗ് സെന്ററിന്റെ ഗവേഷണഫലങ്ങള്‍ പങ്കുവച്ച് പ്രൊഫസര്‍ ഓ ഹിഗ്ഗിന്‍സ് പറഞ്ഞതിങ്ങനെ: കത്തോലിക്ക വിശ്വാസികളായ കുട്ടികള്‍ കടുത്ത വിവേചനം അനുഭവിക്കുന്നതായി മത അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്. കുട്ടികള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഓരോ കുട്ടിയും വ്യത്യസ്തരാണെന്നുള്ള ബോധ്യം പകര്‍ന്നുകൊടുക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം ഒറ്റപ്പെടുത്തല്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നത് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. മത-വര്‍ഗ-ലിംഗ കാരണങ്ങളാല്‍ തഴയപ്പെട്ടതായി സ്വയം തോന്നുന്ന ദുര്‍ബലരായ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും അവബോധവും വളര്‍ത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രൊഫ. ഹിഗ്ഗിന്‍സ് നിര്‍ദേശിച്ചു.
കുട്ടികളുടെ വസ്ത്രധാരണമാണ് വിവേചനം നേരിടുന്നതിന്റെ ഒന്നാമത്തെ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ചും അവ തടയാനുള്ള ശ്രമങ്ങള്‍ എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ചും ഒരു ഡാറ്റാബേസ് തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.