വീടിനുള്ളിലെ കിടപ്പുമുറികളില്‍ കഞ്ചാവ് കൃഷി; ഓസ്‌ട്രേലിയയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു

വീടിനുള്ളിലെ കിടപ്പുമുറികളില്‍ കഞ്ചാവ് കൃഷി; ഓസ്‌ട്രേലിയയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ പോലീസിനു തലവേദനയായി കഞ്ചാവ് കൃഷിയും വില്‍പനയും അനുദിനം വര്‍ധിക്കുന്നു. കഞ്ചാവ് വളര്‍ത്തുന്നത് കുറ്റകരമാണെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഇവയുടെ ഉല്‍പാദനവും ഉപയോഗവും രഹസ്യമായി രാജ്യത്ത് തുടരുകയാണ്. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ പോലും രഹസ്യമായി കഞ്ചാവ് വളര്‍ത്തുന്നതായി അഡ്ലെയ്ഡിലെ ഏറ്റവും പുതിയ സംഭവം വെളിപ്പെടുത്തുന്നു.

സൗത്ത് ഓസ്‌ട്രേലിയന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അഡ്ലെയ്ഡില്‍ വീടിനുള്ളില്‍ മൂന്ന് മുറികളായി നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികളാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. കംബര്‍ലാന്‍ഡ് പാര്‍ക്കിലെ ഹില്‍ അവന്യൂവിലുള്ള വീട്ടിലെ മൂന്ന് കിടപ്പുമുറികളിലാണ് 24 കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. പോലീസ് പരിശോധിക്കാന്‍ എത്തുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഹൈഡ്രോപോണിക്‌സ് കൃഷി രീതിയാണ് ചെടി വളര്‍ത്താനായി ഉപയോഗിച്ചിരുന്നത്. മണ്ണ് ഉപയോഗിക്കാതെയുള്ള കൃഷിരീതിയാണിത്. പോഷകങ്ങളടങ്ങിയ ലായനിയിലാണ് ചെടികള്‍ വളര്‍ത്തിയിരുന്നത്. ഇതിന് വലിയ തോതില്‍ വൈദ്യുതി ആവശ്യമാണ്. അനധികൃതമായാണ് വൈദ്യുതി ഉപയോഗിച്ചതെന്നും സൗത്ത് ഓസ്‌ട്രേലിയ പോലീസ് കണ്ടെത്തി.

കഞ്ചാവ് ചെടികളും ഇവ വളര്‍ത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വീട്ടിലേക്കുള്ള വൈദ്യുതി വിതരണവും വിച്ഛേദിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച്ചയാണ് അഡ്ലെയ്ഡില്‍തന്നെ ഒരു വീട്ടില്‍നിന്ന് 260 കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തത്. സെല്ലിക്‌സ് ബീച്ചിനു സമീപമുള്ള വീട്ടില്‍ ആറു മുറികളിലാണ് കഞ്ചാവ് വളര്‍ത്തിയത്. ഹൈഡ്രോപോണിക്‌സ് കൃഷിരീതിയാണ് ഇവിടെയും ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കൃഷിക്കായി വ്യാപകമായി വൈദ്യുതി അനധികൃതമായി ഉപയോഗിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.