ഹോംങ്കോംഗ്: രാജ്യത്തെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി ചൈനീസ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ ആപ്പിള്‍ ഡെയ്ലിയുടെ അവസാന എഡിഷന് റെക്കോഡ് വില്‍പ്പന. 26 വര്‍ഷം പാരമ്പര്യമുള്ള ജനപ്രീയ പത്രമായ ആപ്പിള്‍ ഡെയ്ലിയ്ക്ക് അവിസ്മരണീയമായ യാത്ര അയപ്പ് നല്‍കി ജനങ്ങള്‍.
പത്രത്തിന് പിന്തുണ അര്‍പ്പിച്ച് ആയിരങ്ങളാണ് ഓഫീസിന് മുന്നില്‍ തടിച്ച് കൂടിയത്. ഇവരുടെ ചിത്രമായിരുന്നു പത്രത്തിന്റെ അവസാന എഡിഷന്റെ ആദ്യ പേജില്‍ നിറഞ്ഞു നിന്നത്. 80,000 കോപ്പികളായിരുന്നു ദിവസവും പത്രം വിറ്റഴിച്ചിരുന്നത്. എന്നാല്‍ അവസാന ദിവസമായ ഇന്നലെ 10 ലക്ഷം കോപ്പികളാണ് അച്ചടിച്ചത്. ഹോങ്കോംഗ് നഗരത്തിലുടനീളം പത്രത്തിന്റെ കോപ്പികള്‍ക്കായി ജനങ്ങള്‍ തടിച്ചു കൂടി. പലയിടങ്ങളിലും ജനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം നീണ്ടു.
അവസാന പത്രം തയാറാക്കിയ ന്യൂസ്‌റൂമില്‍ ജീവനക്കാരുടെ വികാര നിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഫോട്ടോയെടുത്തും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞും ആശ്വസിപ്പിച്ചും അവര്‍ തങ്ങളുടെ പ്രീയപ്പെട്ട ഓഫീസിനോട് യാത്രാമൊഴി ചൊല്ലി. ഈ രംഗങ്ങള്‍ പകര്‍ത്താന്‍ നഗരത്തിലെ മറ്റു മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. ഇവരെ പൊലീസെത്തി പിരിച്ചുവിട്ടു.
വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ആപ്പിള്‍ ഡെയ്ലിയില്‍ റെയ്ഡ് നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്, ഡയറക്ടര്‍മാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആപ്പിള്‍ ഡെയ്ലിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പത്രത്തിന്റെ വെബ്‌സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും ബുധനാഴ്ച രാത്രിയോടെ അടച്ചുപൂട്ടുകയാണെന്നും അവസാന പത്രം ഇന്നലെ വിപണിയിലെത്തുമെന്നും മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.