കാന്‍ബറ: മനുഷ്യാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ചൈനയ്ക്കു മേല്‍ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദം. ചൈനയിലെ തടങ്കല്‍ പാളയത്തിലുള്ളവരെ അടിമവേല ചെയ്യിപ്പിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഇറക്കുമതി ചെയ്ത് വ്യാപാരം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ഓസ്‌ട്രേലിയയിലെ തൊഴിലാളി യൂണിയനുകളുടെ സമിതി ആവശ്യപ്പെട്ടു.
ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് പ്രസിഡന്റ് മിഷേല്‍ ഓ നീല്‍ ആണ് ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്.
ഷിന്‍ജിയാങിലെ ഉയിഗര്‍ വംശജരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് നിര്‍ബന്ധിത തൊഴിലിനു വിധേയരാക്കുന്ന ചൈനയുടെ നടപടികളെ പ്രതിരോധിക്കാനുള്ള രാജ്യാന്തര ശ്രമങ്ങളില്‍ പങ്കുചേരാന്‍ സ്വന്തം എംപിമാരില്‍നിന്ന് ഉള്‍പ്പെടെ സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ സമ്മര്‍ദം നേരിടുന്നുണ്ട്.
ഷിന്‍ജിയാങിലെ തടങ്കല്‍ പാളയങ്ങളില്‍ അടിമവേല ചെയ്യിച്ച് നിര്‍മിക്കുന്ന സൗരോര്‍ജ ഉല്‍പന്നങ്ങള്‍ക്കെതിരേ അമേരിക്കന്‍ ഭരണകൂടം ചില നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് ചൈനീസ് കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി. സോളാര്‍ പാനലുകളില്‍ ഉപയോഗിക്കുന്ന പോളിസിലിക്കണ്‍ എന്ന പദാര്‍ഥത്തിന്റെ ആഗോള വിതരണത്തിന് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് യുഎസിന്റെ നീക്കം. ഷിന്‍ജിയാങ്ങിലെ അടിമവേലയും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച ആരോപണങ്ങള്‍ ചൈന തുടര്‍ച്ചയായി നിഷേധിക്കുന്നുണ്ട്. എന്നാല്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഈ മേഖലയില്‍ വംശഹത്യ നടത്തുന്നുവെന്നാണ് ആവര്‍ത്തിച്ച് ആരോപിക്കുന്നത്.
ചൈനക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ഏറിക്കൊണ്ടിരിക്കുകയാണ്. ഇറക്കുമതി നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിന്റെ ആദ്യപടിയായി ചെയ്യേണ്ടതെന്ന് ലേബര്‍ വിദേശകാര്യ വക്താവ് പെന്നി വോംഗ് പറഞ്ഞു. ഇറക്കുമതി ചെയ്ത എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സിനെ (എ.ബി.എഫ്) ചുമതലപ്പെടുത്തണമെന്നും വോംഗ് ആവശ്യപ്പെട്ടു.
ഉയിഗര്‍ വംശജരുടെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ ാസ്ട്രേലിയ മറ്റു പല രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ സോഫി മക്‌നീല്‍ ആരോപിച്ചു.
അടിമവേലയിലൂടെ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വിറ്റഴിച്ച് ഓസ്ട്രേലിയന്‍ ബിസിനസുകള്‍ ലാഭം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള ബാധ്യത മോറിസണ്‍ സര്‍ക്കാരിനുണ്ടെന്ന് മിഷേല്‍ ഓ നീല്‍ പറഞ്ഞു.
തങ്ങളുടെ സപ്ലൈ ശൃംഖലയിലേക്ക് ചൈന നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ ഓസ്‌ട്രേലിയയിലെ തൊഴില്‍-വ്യാപാര സംസ്‌ക്കാരങ്ങള്‍ക്ക് ചേര്‍ന്നതാണോ എന്നു പരിശോധിക്കണമെന്നും അടിമത്തം പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും മിഷേല്‍ ആവശ്യപ്പെട്ടു.