ഇന്ന് ഡോക്ടേഴ്‌സ് ഡേ. വെളളക്കുപ്പായമിട്ട് ഭൂമിയിലേയ്ക്ക് ഇറങ്ങി വരുന്ന ദൈവദൂതന്മാര്‍. ആയുസിന്റെ കടിഞ്ഞാണ്‍ ഇവരുടെ കയ്യിലാണെന്നു കരുതിപ്പോകുന്നവരാണ് ചിലപ്പോഴെങ്കിലും രോഗികള്‍.
കോവിഡ് പശ്ചാത്തലത്തിൽ ലോകം വീടിനുള്ളില്‍ ഒതുങ്ങുമ്പോൾ സ്വന്തം ജീവനും സ്വന്തം കുടംബക്കാരേയും വരെ നോക്കാതെ വിശ്രമമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന കൂട്ടരില്‍ ഒരു വിഭാഗമാണ് ഡോക്ടർമാർ.
വിവിധ മേഖലങ്ങളില്‍ അത്യപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ച മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. ബി സി റോയി എന്ന പ്രതിഭാ ശാലിയായ ഡോക്ടറോടുള്ള ബഹുമാനാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജുലൈ ഒന്ന് 'ദേശീയ ഡോക്ടേഴ്സ് ദിനം' ആയി ആചരിച്ച് വരുന്നത്.
ഒരു രോഗി ആശുപത്രിയിലെത്തുന്നത് ഡോക്ടറെ കാണാനാണ് ആ ഡോക്ടർ രോഗിയെ സംബന്ധിച്ച് ദൈവതുല്യനാണ്. പ്രതീക്ഷയോടെ, ആയുസിന്റെ കടിഞ്ഞാണ്‍ നീട്ടിത്തരുമെന്ന ചിന്തയോടെ ഡോക്ടറെ നോക്കുന്നവര്‍ക്കു മുന്നില്‍ അവര്‍ ദൈവം തന്നെയാണ്. കൊറോണക്കാലത്തും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ഇവര്‍.
പകര്‍ച്ചവ്യാധിയുടെ ഭയം ലോകത്തെ കീഴടക്കുമ്പോഴും സ്വന്തം കുടുംബത്തെ ഓര്‍ത്തിട്ടും അതു മനപൂര്‍വം മറന്ന് ഇതിനായി കൈ മെയ് മറന്ന് അധ്വാനിക്കുന്നവർ. രാജ്യത്ത് ഡോക്ടർമാരുൾപ്പടെയുള്ള എത്രയോ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപെട്ട് ദിവസവും മരണപ്പെടുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായത് 800 പേരാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ (ഐ.എം.എ) ന്റെ റിപ്പോർട്ട്.
ഈ വര്‍ഷത്തെ ഡോക്ടേഴ്‌സ് ഡേ കടന്നു പോകുമ്പോള്‍ കോവിഡിൽ മണ്‍മറഞ്ഞ നിരവധി ഡോക്ടര്‍മാരെ നമുക്ക് സ്മരിക്കാം. അവരുടെ അധ്വാനത്തെ നമുക്ക് ഓർക്കാം. വെള്ളക്കുപ്പായത്തിനുള്ളില്‍ മനസും സങ്കടങ്ങളും ആശങ്കകളും നിരാശകളുമെല്ലാം മൂടി വച്ച് ജീവന് കാവല്‍ വിളക്കായി നില്‍ക്കുന്ന ആ വെള്ളയുടുപ്പ് അണിഞ്ഞ ദൈവദൂതന്മാരെ. അവര്‍ക്ക് ഈ ദിനത്തില്‍ നമുക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.